കുത്തേറ്റ ശേഷം കുഴഞ്ഞുവീഴുന്ന ഡോ. വന്ദന, അരമണിക്കൂർ അക്രമം; ക്രൂരതയുടെ നേർക്കാഴ്ച

കൊട്ടാരക്കര ∙ താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിൽ നിർണായക തെളിവായ ക്യാമറ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിക്കു കൈമാറി.

പ്രതി ജി. സന്ദീപിന്റെ കുത്തേറ്റ ഡോ.വന്ദനയെ രക്ഷിച്ച് ആശുപത്രിയുടെ പുറത്തേക്കു കൊണ്ടുപോകാനുള്ള സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിന്റെ ശ്രമത്തിനിടെ വന്ദന കുഴഞ്ഞു വീഴുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷിബിനും മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണു വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പൊലീസ് ജീപ്പിലേക്കു കയറ്റിയത്.

10നു പുലർച്ചെ 4.30 മുതൽ അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സന്ദീപിന്റെ അക്രമമായിരുന്നു. കാഷ്വൽറ്റിയുടെ വരാന്തയിലും അതിനു പുറത്തുള്ളതുമായ രണ്ടു സിസിടിവിയിലെ ദൃശ്യങ്ങളിലാണു സന്ദീപിന്റെയും പൊലീസിന്റെയും സാന്നിധ്യമുള്ളത്.

∙ പുലർച്ചെ 4.30നു വൈദ്യപരിശോധനയ്ക്കായി സന്ദീപ് കാഷ്വൽറ്റിയിലേക്കു നടന്നു കയറി.

∙ 4.40: ആക്രമണങ്ങളുടെ തുടക്കം. കുത്തേറ്റ് ആശുപത്രിക്കു പുറത്തേക്കോടുന്ന ഹോം ഗാർഡ് അലക്സ്കുട്ടി. പിന്നാലെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മണിലാൽ. അകത്തു നടന്നതൊന്നും വ്യക്തമല്ല. ഗുരുതരമായി പരുക്കേറ്റ ഡോ.വന്ദനയുടെ കയ്യിൽ പിടിച്ചു ഡോ. ഷിബിൻ പുറത്തേക്കോടുന്നതാണ് അടുത്ത ദൃശ്യം. ആശുപത്രി പടിക്കൽ ഡോ.വന്ദന കുഴഞ്ഞു വീഴുന്നു. ക്ഷണനേരത്തിനുള്ളിൽ പൊലീസ് ജീപ്പിൽ കയറ്റി ഡോ.വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു.

തുടർന്ന്, ചോരപുരണ്ട കത്രികയുമായി അടഞ്ഞു കിടക്കുന്ന ആശുപത്രി കവാടത്തിലൂടെ സന്ദീപ് നിരീക്ഷിക്കുന്നു. കത്രികയിലെ ചോര പൈപ്പ് വെള്ളത്തിൽ കഴുകിക്കളയുന്നു. പിന്നീടു കത്രിക ഉപേക്ഷിക്കുന്നു. ഉടൻ തന്നെ ആംബുലൻസ് ഡ്രൈവർ രാജേഷ് സന്ദീപിനെ പിറകിൽ നിന്നു കീഴ്പ്പെടുത്തുന്നു. പിന്നീടു പൊലീസും അവിടെയുണ്ടായിരുന്നവരും ചേർന്നു തറയിലിട്ടു കൈകൾ പിന്നിലേക്കാക്കി ബന്ധിക്കുന്നു.

5.00 മണി: സന്ദീപിനെ ഭയന്നു മുറിയിലൊളിച്ച ജീവനക്കാരി ഫോണിൽ ആര‌െയോ വിളിച്ചു സംസാരിക്കുന്നുണ്ട്. ആശുപത്രി സൂപ്രണ്ട്  ഡോ.കെ.ആർ.സുനിൽകുമാറിനെയാണു വിളിച്ചതെന്നാണ് വിവരം. തൊട്ടുപിന്നാലെ രണ്ടു ജീപ്പുകളിൽ കൂടുതൽ പൊലീസ് എത്തുന്നു.

∙ സന്ദീപിനെ ഭയന്നു പുറത്തേക്കോടിയ പൊലീസുകാർ പിന്നീടു ദൃശ്യത്തിൽ എത്തുന്നതു ഡോ.വന്ദനയ്ക്കു കുത്തേറ്റതിനു ശേഷമാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!