കീശ കാലിയാകും; വീണ്ടും നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ കമ്പനികൾ

ഇന്ത്യ 5ജി-യിലേക്ക് കുതിക്കുന്ന വേഗത്തിലാകും ഇനി മൊബൈൽ നിരക്കുകളും വർധിക്കുന്നത്. സമീപകാലത്തെ നിരക്കുവർധനയ്ക്കു പിന്നാലെ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ വീണ്ടും മൊബൈൽ നിരക്കുകൾ കൂട്ടാനൊരുങ്ങുകയാണ്.

5ജി സേവനങ്ങൾ അവതരിപ്പിച്ചപ്പോൾ നിരക്ക് കൂട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നിരക്ക് വർധനയ്ക്ക്‌ ഒരുങ്ങുന്നത്. ഇതോടെ കീശ കാലിയാകുന്നത് ഉപഭോക്താവിന്റേതാണ്.

നിലവിൽ അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു വീട്ടിൽ 28 ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി. ഡേറ്റ ഉൾപ്പെടെയുള്ള പ്ലാനിനായി ചുരുങ്ങിയത് 1,000 രൂപ നൽകണം റീചാർജിനായി. അതായത് ശരാശരി 20 കിലോ അരിയുടെ വിലയാണ് ഒരു കുടുംബം 28 ദിവസത്തേക്ക്‌ ഇപ്പോൾ ചെലവഴിക്കുന്നത്. നിരക്ക് വർധിക്കുന്നതോടെ മാസം ഒരു കുടുംബം 200-300 രൂപ വരെ അധികം ചെലവഴിക്കേണ്ടി വരും. ടെലികോം സേവനദാതാക്കൾ 10-25 ശതമാനം വരെ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന.

ഒരു കമ്പനിയും ഇതുവരെ 5ജി സേവനങ്ങൾക്ക് പ്രത്യേക നിരക്കുകൾ അവതരിപ്പിച്ചിട്ടില്ല. 4ജി നിരക്കിലാണ് 5ജി സേവനം നൽകുന്നത്. നിലവിൽ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ കൂടുതൽ ഡേറ്റ ഓഫറുകളും മികച്ച വേഗവും കാണിച്ചാണ് 5ജി-യിലേക്ക് ആകർഷിക്കുന്നത്.

ദിവസം രണ്ട് ജി.ബി. പോരാ

കേരളത്തിലെ ഡേറ്റ ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാരും ടെലികോം വരിക്കാരും പറയുന്നത്. ദിവസം രണ്ട് ജി.ബി. ഡേറ്റയും കടന്നാണ് ഉപയോഗം. പ്രധാനമായും ഒ.ടി.ടി. പ്ലാറ്റ്ഫോം, ഗെയിം, യുട്യൂബ് എന്നിവയ്ക്കാണ് കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നത്. ദിവസം ശരാശരി 3-4 ജി.ബി. വരെ ഉപയോഗിക്കുന്നവരുണ്ട്.

സൗജന്യ കോളിനും രണ്ട് ജി.ബി. ഡേറ്റയ്ക്കുമായി 31 ദിവസത്തേക്ക് ‘വി’ (വോഡഫോൺ ഐഡിയ) ഈടാക്കുന്നത് 319 രൂപയാണ്. ജിയോ 28 ദിവസത്തേക്ക് 299 രൂപയും എയർടെൽ 28 ദിവസത്തേക്ക് 299 രൂപയുമാണ് ഈടാക്കുന്നത്. താരിഫ് നിരക്ക് ഉയർത്തുമ്പോൾ നിലവിലെ നിരക്കിൽനിന്ന് 30-50 രൂപയോളം അധികം നൽകേണ്ടി വരുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. 5ജി നിരക്കാണെങ്കിൽ ഇതിലും കൂടും.

അതേസമയം, ബി.എസ്.എൻ.എൽ. 28 ദിവസത്തേക്ക് 184 രൂപയ്ക്ക് പരിധി ഇല്ലാതെ കോളും ഡേറ്റയും നൽകുന്നുണ്ട്. എന്നാൽ, ദിവസം ഡേറ്റ ഉപയോഗം ഒരു ജി.ബി. കഴിഞ്ഞാൽ ഡേറ്റ വേഗം കുറയും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!