സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈക്കലാക്കി തട്ടിപ്പ്; ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലൈവ് ബ്രോസ്‍കാസ്റ്റിന് ക്ഷണിക്കുകയും ക്യാമറ ഓണ്‍ ചെയ്യുന്ന സമയത്ത് ഇവര്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സൂക്ഷിക്കുകയും ചെയ്യും. പലപ്പോഴും മോശമായ സാഹചര്യത്തിലുള്ള വീഡിയോ ആയിരിക്കും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. പിന്നീട് ഈ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്‍തായിരിക്കും തട്ടിപ്പുകാര്‍ തങ്ങളുട ഇംഗിതം നടപ്പാക്കുകയെന്നും പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളുടെ മറവില്‍ പതിയിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ബോധവത്കരിക്കുന്ന പൊലീസ്, ശ്രദ്ധയോടെ മാത്രമേ ഇത്തരം പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിക്കുന്നത്. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം. സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇത്തരം വെബ്‍സൈറ്റുകളില്‍ പബ്ലിഷ് ചെയ്യരുത്. ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റാര്‍ക്കും കൈമാറുകയും ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈക്കലാക്കുന്ന ക്രിമിനലുകള്‍ അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ആളുകളെ ഇരയാക്കുന്നത്. ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ ഒന്നുകില്‍ പണം പണം ആവശ്യപ്പെടുകയോ അല്ലെങ്കില്‍ നിയമവിരുദ്ധമായ എന്തെങ്കിലും കൃത്യങ്ങളില്‍ പങ്കാളികളാവാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യും. ഇത്തരം ഏതെങ്കിലും കെണിയില്‍ വീണുപോയവര്‍ ഒരിക്കലും തട്ടിപ്പുകാര്‍ പറയുന്നത് പോലെ ചെയ്‍തുകൊടുക്കരുതെന്നും ഭീഷണിക്ക് വഴങ്ങരുതെന്നും പൊലീസ് പറയുന്നു. ഒരിക്കലും ഇത്തരക്കാര്‍ക്ക് പണം നല്‍കരുത്. പകരം നിങ്ങളുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചുകൊണ്ട് തന്നെ 24 മണിക്കൂറും പൊലീസില്‍ പരാതി നല്‍കാന്‍ സാധിക്കും. ഇതിനായി ടോള്‍ ഫ്രീ നമ്പറായ 8002626ല്‍ വിവരം അറിയിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!