‘രാജ്യത്തൊരിടത്തും നടക്കാത്ത കാര്യങ്ങൾ; പൊലീസിൻ്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലേ’: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് പറഞ്ഞ കോടതി, പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും ആരാഞ്ഞു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ രാവിലെ കോടതിക്കു വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു.
ഒരു പരാതിക്കാരനായാണ് ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാംദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സഹായം ആവശ്യപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. അതനുസരിച്ച് പോലീസ് ഇയാളെ കണ്ടെത്തുമ്പോള്‍ പരിക്കുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോഴൊന്നും ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മാറ്റി, അവിടെ കാലിലെ മുറിവ് ക്ലീന്‍ ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് പ്രകോപിതനായതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ആദ്യം ബന്ധുവിനെ ചവിട്ടി, പിന്നീട് പുറത്തുവന്ന് പോലീസുകാരെയും അക്രമിച്ചു. ഒടുവിലാണ് ഡോക്ടര്‍ വന്ദനാ ദാസിനെ അക്രമിച്ചു കൊലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് മാറിനിന്നത് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രതികളേയും മറ്റും ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുവേണ്ടാ എന്നാണ് സര്‍ക്കാര്‍ ഉത്തരവെന്നും വ്യക്തമാക്കി. എന്നാല്‍ ഈ വിശദീകരണം ഹൈക്കോടതി തള്ളി.
ഈ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പോലീസ് മര്‍ദനം ആരോപിക്കുന്ന സാഹചര്യത്തിൽ പോലീസുകാരന്റെ സാന്നിധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഈ ഉത്തരവ്. അത്തരമൊരു ഉത്തരവ് എല്ലാ ഘട്ടത്തിലും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആശുപത്രി സന്ദർശിച്ചു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണം. അതിദാരുണമായ സംഭവമാണ് നടന്നത്. ഇത്തരം സംഭവം നടക്കാതെ നോക്കേണ്ട ബാധ്യത പൊലീസിന് ഉണ്ടായിരുന്നില്ലേ? 5 പൊലീസുകാർ ഉണ്ടായിരുന്നിട്ടും തടയാനായില്ല. വനിതാ ഡോക്ടറെ അടക്കം സ്ത്രീകൾക്ക് സംരക്ഷണം നൽകാനെങ്കിലും പൊലീസിനു കഴിയണമായിരുന്നെന്നും കോടതി പറഞ്ഞു. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കും
എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഡോക്റുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു.
ഇന്നു പുലർച്ചെ നാലരയോടെയാണ് വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കും കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273