കണ്ണീർ കാഴ്ചയായി കുന്നുമ്മൽ വീട്; 11 പേർക്ക് ഒരേ കബറിൽ അന്ത്യവിശ്രമം, എട്ട് കുട്ടികൾ

പരപ്പനങ്ങാടി∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണീർക്കാഴ്ചയായി പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ വീട്. എട്ടു കുട്ടികൾ ഉൾപ്പെടെ 11 പേരെയാണ് ഒറ്റ ദിവസത്തിൽ ഈ വീടിനു നഷ്ടമായത്. പൊതുദർശനത്തിനു ശേഷം ഒരു കബറിൽത്തന്നെ ഇവർക്ക് അന്ത്യവിശ്രമം ഒരുക്കിയതും നോവുന്ന നിമിഷങ്ങളായി.

ഒരു കുഞ്ഞു കൂരയിലാണ് കുന്നുമ്മൽ സെയ്തലവിയും സഹോദരൻ സിറാജും മക്കളും ഉമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ഈ വീടിന്റെ സർവസന്തോഷവും ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്. കുന്നുമ്മൽ വീടിന് ഒറ്റയടിക്ക് നഷ്ടമായത് രണ്ടു മരുമക്കൾ, ഏഴു പേരക്കുട്ടികൾ, കുടുംബാംഗമായ ജാബിറിന്റെ ഭാര്യ, മകൻ എന്നിവർ. ജാബിറിന്റെ ഭാര്യ ജൽസിയ, മകന്‍ ജരീർ, കുന്നുമ്മൽ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, പത്തു മാസം പ്രായമുള്ള കുഞ്ഞ്, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പെരുന്നാൾ ആഘോഷം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടിയതായിരുന്നു. കടലും വെള്ളവും ബോട്ടും കണ്ടു ശീലിച്ച ഇവർ ഒരു കൗതുകത്തിനാണ് ഈ ബോട്ടിൽ കയറിയത്. ആ യാത്രയാകട്ടെ, തിരിച്ചുവരവില്ലാത്ത യാത്രയായി. പുതിയ വീടെന്ന സ്വപ്നവുമായി രണ്ടു വർഷം മുൻപ് തറ കെട്ടിയിരുന്നു. നല്ലൊരു വീടെന്ന സ്വപ്നവുമായി ജീവിച്ചവർ ആ തറയ്ക്കു മേൽ ചേതനയറ്റ നിലയിൽ വന്ന കാഴ്ചയും ഹൃദയം തകർക്കുന്നതായി.

ഇവിടെ പൊതുദർശനത്തിനു ശേഷമാണ് കബർസ്ഥാനിലേക്കു മൃതദേഹങ്ങൾ എത്തിച്ചത്. വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് ഒരേ കബറിൽ 11 അറകളിലായി അവർക്ക് ഒരുമിച്ച് അന്ത്യവിശ്രമം. സുഖത്തിലും ദുഃഖത്തിലും ഒപ്പം നടന്നവർ അന്ത്യവിശ്രമത്തിലും ഒന്നായി മണ്ണിലേക്ക്. കണ്ടുനിന്നവർക്ക് വാക്കുകൾ വിങ്ങലായി. കണ്ണു നിറഞ്ഞ് അവർ പ്രിയപ്പെട്ടവരെ യാത്രയാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!