ബോട്ട് മുങ്ങുന്നെന്നും രക്ഷപ്പെടുത്തണമെന്നും ഭാര്യ ഫോണിൽ വിളിച്ച് പറഞ്ഞു; കുതിച്ചെത്തിയ സൈതലവിയുടെ കയ്യിലേക്ക് ആദ്യമെത്തിയത് മകളുടെ മൃതദേഹം

പരപ്പനങ്ങാടി: ‘ഞങ്ങള്‍ കയറിയ ബോട്ട് മുങ്ങുന്നു’വെന്ന് ഭാര്യ സീനത്ത് ഫോണില്‍ വിളിച്ചറിയിച്ച ഉടന്‍ കുന്നുമ്മല്‍ സൈതലവി നാട്ടുകാരേയും കൂട്ടി തൂവല്‍തീരം ബീച്ചിലേക്ക് കുതിച്ചു. അവിടെ എത്തുമ്പോഴേക്കും അലറിവിളിയും ആളുകള്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതുമൊക്കെയാണ് കാണുന്നത്.

നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈതലവി നടുങ്ങി. കാരണം അദ്ദേഹത്തിന്റെ മകളുടെ ചേതനയറ്റ ശരീരം കരയിലേക്ക് കൊണ്ടുവരുന്നതാണ് സൈതലവി അവിടെ കണ്ട ആദ്യ കാഴ്ച. പിന്നീടുള്ള കാഴ്ചകള്‍ താങ്ങാനാവുന്നതായിരുന്നില്ല. മരവിച്ചിരിക്കാനെ സൈതലവിക്കായുള്ളൂ. ഭാര്യയും മറ്റു മക്കളും ബന്ധുക്കളുമായി 11 പേരുടെ ചേതനയറ്റ ശരീരങ്ങളുമായി മുന്നിലൂടെ ആളുകള്‍ കുതിക്കുകയാണ്. ഒന്നര വയസുള്ള കൈക്കുഞ്ഞടക്കം അതിലുണ്ട്‌…

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് സൈതലവിയുടെ താമസം. പെരുന്നാള്‍ അവധിയ്ക്ക് ഭര്‍തൃവീട്ടില്‍നിന്ന് സഹോദരിയും മക്കളും എത്തിയിരുന്നു. മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു. സഹോദരി ഭര്‍തൃവീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി എല്ലാവരും കൂടി തൂവല്‍തീരത്തേക്ക് പോയി. സൈതലവി ഇവരെ തീരത്ത് എത്തിച്ച ശേഷം മടങ്ങി. ബോട്ടില്‍ കയറരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒടുവില്‍ കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കയറിയത്.

ഇതിനിടെ സൈതലവി വിവരം തേടി അങ്ങോട്ടേക്ക് വിളിച്ചതാണ്. ബോട്ടില്‍ കയറിയിട്ടുണ്ടെന്ന് ഭാര്യ സീനത്ത് അറിയിച്ചു. പിന്നീട് കുറച്ച് സംസാരിച്ച് ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പായിട്ടാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ ബോട്ട് താഴ്ന്ന് പോകുന്നുവെന്നും സീനത്ത് അറിയിച്ചത്. ഉടന്‍ തന്നെ കൂട്ടുകാരേയും വിളിച്ച് സൈതലവി സംഭവ സ്ഥലത്തേക്ക് കുതിയ്ക്കുകയായിരുന്നു.

സൈതലവിയുടെ ഭാര്യയെയും മക്കളേയും കൂടാതെ സഹോദരങ്ങളായ ജാബിര്‍, സിറാജ് എന്നിവരുടെ ഭാര്യമാരും മക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യാത്ര പോയ 15 പേരില്‍ 11 പേരും മരിച്ചു. നാല് പേര്‍ ആശുപത്രിയിലാണ്. സഹോദരിയും അവരുടെ കുഞ്ഞും സഹോദരന്‍ ജാബിറിന്റെ രണ്ട് മക്കളുമാണ് രക്ഷപ്പെട്ടത്.

‘ഇത്രയും ആളുകളെ കുത്തിനിറച്ച് പോകുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ബോട്ടില്‍ കയറരുതെന്ന് സൈതലവി പറഞ്ഞിരുന്നത്. കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. ആറ് മണി കഴിഞ്ഞും സര്‍വീസ് നടത്തുന്നത് പല തവണ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. എല്ലാവരും അവഗണിച്ചു. ഞങ്ങളെല്ലാം മത്സ്യത്തൊഴിലാളികളാണ്. അതിന്റെ അപകടം അറിയുന്നത് കൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ഇനി ഇത്തരത്തില്‍ ഒരു ബോട്ടും അവിടെ സര്‍വീസ് നടത്തില്ല. ഞങ്ങളുടെ മക്കളാണ് മരിച്ചത്. അധികൃതര്‍ ഉത്തരം പറയുക തന്നെ വേണം’ -ബന്ധുവായ അഷ്‌റഫ് പറഞ്ഞു.

 

 

 

ഷീറ്റും ഓടുമിട്ട ഒരു കുഞ്ഞുവീട്ടിലാണ് സൈതലവിയും സഹോദരങ്ങളും അവരുടെ മക്കളും ഭാര്യമാരുമെല്ലാം താമസിച്ചിരുന്നത്. മറ്റൊരു വീട് പണിയുന്നതിനായി പഴയ വീടിന്റെ മുമ്പിലായി തറ ഇട്ടിട്ടുണ്ടെങ്കിലും നഗരസഭയില്‍നിന്ന് നമ്പര്‍ ലഭിച്ചിരുന്നില്ല. ദീര്‍ഘകാലമായി സൈതലവിയും സഹോദരങ്ങളും ഇതിന് പിന്നില്‍ നടന്നിട്ടും പരപ്പനങ്ങാടി നഗരസഭ വീട്ടു നമ്പര്‍ നല്‍കിയില്ലെന്നും അഷറഫ് ആരോപിച്ചു.

ആ തറയ്ക്ക് മുകളിലായിട്ടാണ് 11 പേരുടേയും മൃതദേഹങ്ങള്‍ വെച്ചിരുന്നത്. സൈതലവിയും ഉമ്മയും സഹോദരങ്ങളും രണ്ട് മക്കളും മാത്രമാണ് ആ വലിയ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത്.

 

 

സൈതലവിയുടെ കുടുംബത്തിലെ മരിച്ച കുഞ്ഞുങ്ങളെല്ലാം നീന്തല്‍ അറിയുന്നവരായിരുന്നു. ബോട്ടിനുള്ളില്‍ അകപ്പെട്ടതാണ് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നതെന്നും രക്ഷാപ്രവര്‍ത്തര്‍ പറഞ്ഞു. ‘ബോട്ട് കരയിലേക്ക് വലിച്ചിട്ട് ചില്ല് പൊളിച്ചാണ് ആളുകളെ പുറത്തെടുത്ത്. ആദ്യം എടുത്ത് മൂന്ന് പേരില്‍ ഒന്ന് സൈതലവിയുടെ മകളായിരുന്നു. പുറത്തേക്ക് തെറിച്ച് വീണവരാണ് രക്ഷപ്പെട്ടവരില്‍ അധികവും’രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!