പുതിയ വീടിനായി കെട്ടിയ തറയിൽ 11 പേർക്ക് അന്ത്യയാത്ര, ഒരുമിച്ചു മരണത്തിലേക്ക് പോയവർക്ക് വിട നൽകി നാട്
താനൂർ: പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന് മുറ്റത്ത് പതിനൊന്ന് ആംബുലൻസുകൾ നിരനിരയായി വന്ന് നിൽക്കുമ്പോൾ തളർന്നവശനായി ഒരരികിൽ തകര്‍ന്നിരിക്കുകയായിരുന്നു കുടുംബനാഥൻ സൈതലവി. ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഇല്ല എന്ന വേദനയിൽ.
ഓരോരുത്തരെ ആയി ഓരോ ആംബുലൻസിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞ് പുറത്തിറക്കിയപ്പോൾ കണ്ടുനിന്നവരുടെ കണ്ഠമിടറി, കണ്ണിൽ നിന്ന് ചെറുനോവായി കണ്ണുനീരൊഴുകി. പതിനൊന്നുപേരേയും പണിതീരാത്ത വീടിന്റെ തറിയിൽ കിടത്തി, പിന്നെ ഒടുവിലെ യാത്ര. കെട്ടിപ്പടുക്കുന്ന വീട്ടിന്റെ തറയിൽ പതിനൊന്നുപേരേയും കിടത്തി. ഒരുമിച്ചൊരു വീട്ടിൽ ഇനി ഒത്തു ചേരലില്ലാ എന്ന തിരിച്ചറിവോടെ യാത്ര ചൊല്ലി.
പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ നിന്ന് പുതിയ വീടിന് വേണ്ടി തറയിട്ട് പണി തുടരാനുള്ള ഒരുക്കത്തിനിടെയാണ് സന്ധ്യമയങ്ങും നേരത്ത് ബോട്ടപകടത്തിന്റെ രൂപത്തില്‍ ദുരന്തം സൈതലവിയുടെ കുടുംബത്തിലെത്തുന്നത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തു ചേർന്ന കുടുംബത്തിലെ പതിനൊന്നു പേരാണ് ഒന്നിച്ച് ബോട്ട് ദുരന്തത്തിൽ ഇല്ലാതായത്. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന ഭാര്യയുടെ അവസാന ഫോൺ കോൾ കേട്ട് ഓടിയെത്തുമ്പോഴേക്കും സൈതലവി കാണുന്നത് മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്ന കാഴ്ചയാണ്.
ചെറിയ വീട്ടിൽ കുടുംബാംഗങ്ങളിൽ നിരവധി പേർ തിങ്ങിപ്പാർക്കുന്നതു കൊണ്ട് തന്നെ പുതിയ വീട് നിർമ്മാണത്തിനായുള്ള ഒരുക്കത്തിലായിരുന്നു സൈതലവി. എന്നാൽ വീടിന് തറയിട്ടെങ്കിലും പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട് പെർമിറ്റിനും മറ്റും സൈതലവി പലപ്രശ്നങ്ങളും നേരിട്ടിരുന്നു.
പരപ്പനങ്ങാടിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിനരികെ മുഖ്യമന്ത്രിയും പത്ത് മന്ത്രിമാരും അനുശോചനറിയിച്ച് ഏറെ നേരം ഇരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം. താനൂരിൽ മന്ത്രിസഭായോഗം ചേർന്നു. തുടർന്ന് കക്ഷിനേതാക്കളുമായി ചർച്ച നടത്തി. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273