പരപ്പനങ്ങാടിയിൽ പൊതുദർശനം തുടരുന്നു; കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദർശനം തുടരുന്നു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സന്ദർശനം തുടരുകയാണ്.
ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിൽ മരിച്ചവരുടെ മൃതദേഹം ഖബറടക്കാൻ പുത്തൻ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഇത്തരത്തിൽ ഖബർ ഒരുങ്ങുന്നത്.
മണ്ണുമാന്തി ഉപയോഗിച്ച് ഒരു ഖബർ കളം കുഴിച്ച് അതിൽ വ്യത്യസ്ത അറകൾ തീർത്ത് ഒരുമിച്ച് ഖബറടക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.
ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് തിരച്ചിൽ തുടരുന്നു. എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി. കോസ്റ്റ്ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന.
ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് നടക്കുന്ന അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയിട്ടുണ്ട്. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), സഫ്ന (17), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (പത്ത് മാസം), ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), ജാബിറിന്‍റെ മകൻ ജരീർ (12), താനുർ സ്റ്റേഷനിലെ സി.പി.ഒ പരപ്പനങ്ങാടി ചിറമംഗലം മീനടം സബറുദ്ദീൻ (37), ആനക്കയം കളത്തിങ്ങൽപടി ചെമ്പനിയിൽ മച്ചിങ്ങൽ നിഹാസ്-ഫരീദ ദമ്പതികളുടെ മകൾ ആദി ഫാത്തിമ (ആറ്), പരപ്പനങ്ങാടി ചെട്ടിപ്പടി വെട്ടികുറ്റി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിശാബി, സൈനുൽ ആബിദിന്റെ മകൾ ആദില ഷെറി, സൈനുൽ ആബിദിന്റെ മകൻ അർഷാൻ, പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര നവാസിന്റെയും അസീജയുടെയും മകൻ അഫ്ലഹ് (ഏഴ്), പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10), താനൂർ ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദ്ദീഖ് (35), സിദ്ദീഖിന്റെ മകൻ ഫൈസാൻ (മൂന്ന്), സിദ്ദീഖിന്റെ മകൾ ഫാത്തിമ മിൻഹ (ഒന്ന്), ചെട്ടിപ്പടി സ്വദേശി അദ്നാൻ എന്നിവരാണ് താനൂർ ബോട്ടപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273