കൊലപാതകശേഷം ഒന്നരപ്പവൻ്റെ മാലയും കവര്‍ന്നു; മൃതദേഹം ഒളിപ്പിച്ചത് ആനയും പുലിയുമിറങ്ങുന്ന വനത്തില്‍

അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും കവര്‍ന്നതായി കണ്ടെത്തല്‍. ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ അങ്കമാലി വടവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അടിമാലി പാപ്പിനശേരി അഖില്‍ (32) ആണ് അറസ്റ്റിലായത്. ആതിരയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അഖില്‍.

ഇരുവരും അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്. അഖില്‍ ആതിരയുടെ കൈയില്‍ നിന്നും പത്ത് പവനോളം ആഭരണങ്ങള്‍ പലപ്രാവശ്യമായി കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. അഖില്‍ ആതിരയെ വനത്തില്‍വെച്ച് ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നതായാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍. ഇതിന് ശേഷം ആനയും പുലിയുമിറങ്ങുന്ന വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചത്. പിന്നീട് ഈ മാല അഖില്‍ അങ്കമാലിയിലെ ഒരാളുടെ കൈയില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 29-ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആതിരയെ ഭര്‍ത്താവാണ് കാലടി ബസ് സ്റ്റാന്‍ഡില്‍ വിട്ടത്. റെന്റ് എ കാറില്‍ എത്തിയ അഖില്‍ ഇവിടെ നിന്നും ആതിരയെ തുമ്പൂര്‍മുഴി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആതിരയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. ആതിര സംഭവ ദിവസം മൊബൈല്‍ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നിന്നും ലഭിച്ച ആതിരയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഖിലുമായുള്ള അടുപ്പത്തേക്കുറിച്ച് സൂചന ലഭിച്ചു. തുടക്കത്തിലെ ചോദ്യം ചെയ്യലില്‍ ആതിരയെ കാണാതായതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അഖില്‍ പറഞ്ഞത്. തുടര്‍ന്ന് വിട്ടയച്ചെങ്കിലും അഖില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ആതിര കാലടി സ്റ്റാന്‍ഡില്‍ എത്തിയതും കാറില്‍ ഇരുവരും പോകുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അഖിലിന് കുറ്റം സമ്മതിക്കേണ്ടിവന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതോടെ കാട്ടില്‍ രാത്രിതന്നെ തിരച്ചില്‍ നടത്താന്‍ കാലടി പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് ടോര്‍ച്ചും ആന വന്നാല്‍ ഓടിക്കാനുള്ള സജ്ജീകരണങ്ങളുമായി നടന്നാണ് സംഘം മലകയറിയത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഒപ്പം ചേര്‍ന്നു. ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.

മൃതശരീരം രണ്ട് പാറകളുടെ ഇടയില്‍ കിടത്തി കരിയിലകള്‍ കൊണ്ട് മൂടിയിരുന്നെങ്കിലും കാലുകള്‍ പുറത്ത് കാണാവുന്ന നിലയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കാലടി പോലീസ് അഖിലിനെ വെറ്റിലപ്പാറ മേഖലയില്‍ എത്തിച്ചെങ്കിലും ആതിര ബസ് കയറി ചാലക്കുടി ഭാഗത്തേക്ക് പോയി എന്ന് പറഞ്ഞതിനാല്‍ തിരികെ കൊണ്ടുപോയി. രാത്രി വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പ്രതി സംഭവങ്ങള്‍ വിവരിച്ചു. പുലര്‍ച്ചെ തന്നെ അതിരപ്പിള്ളി പോലീസും വനപാലകരും വീണ്ടുമെത്തി പ്രദേശം റിബണ്‍ കെട്ടി തിരിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പെടെ നിരവധി ആളുകള്‍ തുമ്പൂര്‍മുഴിയില്‍ എത്തിയെങ്കിലും റോഡില്‍ നിന്ന് ആരെയും വനത്തിലേക്ക് കയറ്റി വിട്ടില്ല. പ്രതിയെ രാവിലെ എട്ടോടെ സ്ഥലത്തെത്തിച്ചു.

 

സൂപ്പര്‍മാര്‍ക്കറ്റിലെ സൗഹൃദം കൊലയില്‍ കലാശിച്ചു
അങ്കമാലി: അഖിലുമായി സൂപ്പര്‍മാര്‍ക്കറ്റില്‍ തളിരിട്ട സൗഹൃദമാണ് ഒടുവില്‍ ആതിരയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അങ്കമാലി എം.സി. റോഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കാലടി ചെങ്ങല്‍ സ്വദേശിനിയായ ആതിര സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായിരുന്നു. അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫിഷ് സ്റ്റാള്‍ വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നു.

അഞ്ചു മാസത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. നാലുവര്‍ഷം മുന്‍പാണ് അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. ആതിര അഞ്ചു മാസം മുന്‍പും. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി അറിയില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നത്. 10 ദിവസം മുന്‍പ് ആതിര ജോലി വേണ്ടെന്നുവെച്ച് പോയതായി സ്ഥാപന ഉടമ പറയുന്നു. അഖിലിന്റെ കുട്ടി രോഗിയായതിനാല്‍ പണത്തിന് കൂടുതല്‍ ആവശ്യമുണ്ടായിരുന്നു. പണയം വെയ്ക്കുന്നതിനാണ് സ്വര്‍ണാഭരണങ്ങള്‍ അഖില്‍ ആതിരയില്‍ നിന്നും വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഇത് തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ആതിരയെ ഒഴിവാക്കാന്‍ അഖില്‍ ആസൂത്രിതമായാണ് കൊലയ്ക്ക് പദ്ധതിയിട്ടത്. ആതിരയോട് ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. പോലീസ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. അഖിലും ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചു. എന്നാല്‍, കാര്‍ വാടകയ്ക്ക് കൊടുത്ത ആളുടെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പോലീസിനെ തുണച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!