സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാണിച്ചാൽ 11 ലക്ഷം വരെ പിഴ ചുമത്തും – മന്ത്രാലയം

അബുദാബി: യുഎഇയിലെ സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം ദിര്‍ഹം (11 ലക്ഷം രൂപയിലധികം) വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. വലിയ പിഴ ലഭിക്കാന്‍ സാധ്യതയുള്ള നിയമ ലംഘനങ്ങളെക്കുറിച്ചും ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ അറിയിപ്പില്‍ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച ക്ലാസിഫിക്കേഷനില്‍ മാറ്റം വരുത്തുക, നിയമപ്രകാരമുള്ള ഏതെങ്കിലും നിബന്ധനകളില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മറ്റ് തരത്തിലുള്ള കൃത്രിമം കാണിക്കുക തുടങ്ങിയവയ്ക്കെല്ലാം കടുത്ത പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. അന്‍പത് പേരോ അതിലധികമോ ജോലി ചെയ്യന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് യുഎഇയിലെ ഇപ്പോഴത്തെ സ്വദേശിവത്കരണ നിബന്ധനകള്‍ ബാധകമാവുന്നത്. വിദഗ്ധ തൊഴിലാളികളുട എണ്ണത്തില്‍ ഓരോ ആറ് മാസങ്ങള്‍ കൂടുമ്പോള്‍ ഒരു ശതമാനം സ്വദേശികളെ വീതം വര്‍ദ്ധിപ്പിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്.

Share
error: Content is protected !!