ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ വിസ? പദ്ധതി പ്രായോഗികമോ? ചര്‍ച്ചകള്‍ സജീവം

ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ സന്ദര്‍ശക വിസ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് സമാനമായ തരത്തിലുള്ള സംവിധാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നേതൃത്വത്തില്‍ ആലോചിക്കുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍.

ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലും ഏകീകൃത ജിസിസി വിസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബഹ്റൈന്‍ വിനോദ സഞ്ചാര മന്ത്രി ഫാത്തിമ അല്‍ സൈറഫി പ്രതികരിച്ചു. അധികം വൈകാതെ ഇത്തരമൊരു വിസ രീതി നടപ്പിലാവുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവെച്ചത്. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ അവിടുത്തെ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്. ഗള്‍ഫില്‍ ഇത് സാധ്യമാക്കിയാല്‍ ഏതെങ്കിലും ഒരു രാജ്യത്തേക്കാള്‍ എല്ലാം രാജ്യങ്ങള്‍ക്കും അതിന്റെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും – ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിക്കപ്പെട്ട അറേബ്യന്‍ യാത്രയുടെ ഭാവി എന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ ടൂറിസം മന്ത്രി പറഞ്ഞു. യുഎഇയുമായും സൗദി അറേബ്യയുമായും ചേര്‍ന്നുള്ള ടൂറിസം പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ബഹ്റൈന് നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജിസിസി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ക്ക് ടൂറിസം മേഖലയ്ക്ക് പ്രാധാന്യം ഏറെയാണെന്ന് എല്ലാ രാജ്യങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല അല്‍ സലേഹ് പറഞ്ഞു. ഒരു പൊതു മാര്‍ക്കറ്റും ഏകീകൃത നയനിലപാടുകളുമാണ് ജിസിസി രാജ്യങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന നിയമങ്ങളും ചട്ടങ്ങളും നടപടികളും വരുന്നത് എല്ലാവര്‍ക്കും ഗുണം ചെയ്യും അത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ദീര്‍ഘയാത്രകള്‍ക്ക് പദ്ധതിയിടുന്ന വിനോദ സഞ്ചാരികള്‍ക്ക് കേവലം ഒരു രാജ്യത്തെ അനുഭവങ്ങള്‍ മാത്രം സമ്മാനിക്കുന്നതിന് പകരം മേഖലയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനും അതിര്‍ത്തികള്‍ മറികടന്ന് യാത്ര ചെയ്യാനും അനുമതി നല്‍കിയാല്‍ അത് മികച്ച യാത്രാ അനുഭവം അവര്‍ക്ക് സമ്മാനിക്കുമെന്നും അതിലൂടെ ടൂറിസം രംഗത്തിന്റെ പ്രധാന്യം എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയില്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!