ജയിലിൽ വെച്ചുള്ള പരിചയം, പുറത്തിറങ്ങിയ ശേഷം സാമ്പത്തിക ഇടപാട്; വാസന്തിമഠത്തിൽ പൂട്ടിയിട്ടത് 10 ദിവസം

പത്തനംതിട്ടയിൽ വാസന്തിമഠത്തിന്റെ നടത്തിപ്പുകാരിക്കും സഹായിക്കുമെതിരേ കേസ്. ദുർമന്ത്രവാദകേന്ദ്രത്തിൽ പൂട്ടിയിട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാസന്തിമഠം നടത്തിപ്പുകാരായ ശോഭന, ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വായ്പ വാങ്ങിയ അഞ്ച് ലക്ഷത്തോളം രൂപ തിരികെ നൽകാത്തതിനെത്തുടർന്ന് തങ്ങളെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. ശുഭ (34), പ്രായപൂർത്തിയാകാത്ത മകൾ, ശുഭയുടെ ഭർതൃമാതാവ് എസ്തർ (57) എന്നിവരേയായിരുന്നു മലയാലപ്പുഴയിലെ വാസന്തിമഠമെന്ന ദുർമന്ത്രവാദകേന്ദ്രത്തിൽനിന്ന് മോചിപ്പിച്ചത്.

ഐ.പി.സി. 294 ബി, 323, 344, 506, 34 വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. അശ്ലീല പദം ഉപയോഗിച്ച് ആക്ഷേപം നടത്തുക, മുറിവേൽപ്പിക്കുക, തടങ്കലിൽ വെക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങി വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലാണ് പോലീസ്. പോലീസും പ്രതിഷേധക്കാരും എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും വീട്ടിൽ നിന്ന് രക്ഷപ്പെട്ടു.

ഇവരെ പത്തുദിവസം പൂട്ടിയിട്ടെന്നാണ് പരാതി. മുമ്പ് ശോഭനയും ഭർത്താവ് ഉണ്ണിക്കൃഷ്ണനും ദുർമന്ത്രവാദക്കേസിൽ ജയിലിലായിരുന്നു. കേസിലെ പരാതിക്കാരായ ശുഭയും ഭർത്താവ് അനീഷും സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതികളാണ്. കോന്നി സ്റ്റേഷനിലും പത്തനാപുരം പോലീസ് സ്റ്റേഷനിലും ഇവർക്കെതിരേ സാമ്പത്തിക തട്ടിപ്പിന് കേസുണ്ട്. പത്തനാപുരം പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണനൊപ്പം ജയിലിൽകിടന്ന പത്തനാപുരം സ്വദേശി അനീഷിന്റെ ഭാര്യയാണ് ശുഭ. പിന്നീട് ജാമ്യത്തിലിറങ്ങി ലോഡ്ജിൽ താമസമാക്കി. ജയിലിൽവെച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ, ശോഭനയും ഭർത്താവും ചേർന്ന് ജനുവരിയിൽ അനീഷിനെയും ഭാര്യയേയും മകളേയും അനീഷിന്റെ അമ്മയേയും വാസന്തിമഠത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സാമ്പത്തിക ഇടപാടിൽ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്.

ശോഭന കുറച്ച് പണം അനീഷിന് കൊടുത്തതായും പറയുന്നു. ഈ പണം തിരികെ കൊടുക്കാത്തതിനെത്തുടർന്നാണ് തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ടതെന്ന് ശുഭ പറഞ്ഞു. പത്തുദിവസം ആഹാരംപോലും നൽകിയില്ലെന്നും മർദ്ദിച്ചെന്നും പരാതിയുണ്ട്. മഠത്തിന് സമീപത്തുണ്ടായിരുന്ന സി.ഡി.എസ്. അംഗങ്ങളാണ് ശബ്ദംകേട്ട് ആദ്യം ഇവിടേക്ക് എത്തിയത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകരുംകൂടി സ്ഥലത്തെത്തി പൂട്ടിയിട്ടവരെ മോചിപ്പിക്കുകയായിരുന്നു.

മലയാലപ്പുഴ പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ശോഭനയും ഭർത്താവും സ്ഥലത്തില്ലാത്തതിനാൽ,‌ തുടർനടപടികൾ എടുത്തിട്ടില്ല. ഇവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് എസ്.എച്ച്.ഒ. വിജയൻ അറിയിച്ചു.

ഇലന്തൂർ നരബലിക്കേസ് സമയത്ത് വാസന്തി മഠത്തിലെ ബാധ ഒഴിപ്പിക്കലും തുടർന്നുണ്ടായ പ്രതിഷേധ മാർച്ചും ഒക്കെ വാർത്തയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!