‘അറബിയെ കാണിച്ചിട്ട് വരാം’; സ്റ്റാർ ഹോട്ടലില്‍ താമസിച്ച് തട്ടിപ്പ്, സ്വര്‍ണനാണയങ്ങളുമായി കോഴിക്കോട് സ്വദേശി മുങ്ങി
തിരുവനന്തപുരം: നക്ഷത്ര ഹോട്ടലില്‍വെച്ച് ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് യുവാവ് സ്വര്‍ണനാണയങ്ങളുമായി കടന്നു. കോഴിക്കോട് സ്വദേശിയായ റാഹില്‍ അഹമ്മദ് എന്നയാളാണ് ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് അഞ്ചുസ്വര്‍ണനാണയങ്ങളുമായി മുങ്ങിയത്. കോവളത്തെ ഹോട്ടലില്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും കോവളം എസ്.എച്ച്.ഒ. എസ്. ബിജോയ് പറഞ്ഞു.
42 ഗ്രാം തൂക്കംവരുന്ന നാണയങ്ങളാണ് പ്രതി തട്ടിയെടുത്തത്. കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ജൂവലറിയില്‍ ഫോണില്‍വിളിച്ച് പത്ത് സ്വര്‍ണനാണയങ്ങള്‍ വേണമെന്നും കോവളത്തെ നക്ഷത്ര ഹോട്ടലില്‍ എത്തിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പത്ത് നാണയങ്ങള്‍ ഇല്ലാത്തതിനാല്‍ ആകെയുണ്ടായിരുന്ന അഞ്ച് നാണയങ്ങളുമായി രണ്ട് ജൂവലറി ജീവനക്കാര്‍ ഹോട്ടലിലെത്തി യുവാവിനെ കണ്ടു. തുടര്‍ന്ന് മുറിയിലുള്ള അറബിയെ നാണയങ്ങള്‍ കാണിക്കണമെന്ന് പറഞ്ഞ് പ്രതി നാണയങ്ങളും വാങ്ങി മുങ്ങുകയായിരുന്നു. യുവാവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ജൂവലറി ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചതോടെയാണ് സ്വര്‍ണനാണയങ്ങളുമായി പ്രതി ഹോട്ടലിലെ മറ്റൊരുവഴിയിലൂടെ പുറത്തുകടന്നതായി കണ്ടെത്തിയത്. ഹോട്ടലിലെ ലോബിയില്‍നിന്ന് മാസ്‌ക് ധരിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. ഹോട്ടലില്‍നിന്ന് പുറത്തുകടന്ന പ്രതി ഊബര്‍ ടാക്‌സി വിളിച്ച് കിഴക്കേക്കോട്ടയിലേക്കാണ് പോയത്. കിഴക്കേക്കോട്ട കോട്ടയ്ക്കകം ഭാഗത്താണ് യുവാവ് ഇറങ്ങിയതെന്ന് ടാക്‌സി ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം എടുത്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് പ്രതി ജൂവലറിയില്‍ വിളിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ സ്വിച്ച് ഓഫായിരുന്നു. പക്ഷേ, ഈ നമ്പര്‍ ഉപയോഗിച്ച് പ്രതി തുടങ്ങിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തി. ഈ അക്കൗണ്ട് പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് സ്വദേശിയായ റാഹില്‍ അഹമ്മദ് മുന്‍പും സമാനരീതിയിലുള്ള തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് പറയുന്നത്. ജൂവലറികളില്‍നിന്ന് സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത് അത് വില്‍പ്പന നടത്തി ആഡംബരജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. സമാനകേസുകളില്‍ നേരത്തെ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
വിദേശത്തുജോലി നല്‍കാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് 85,000 രൂപ തട്ടിയെടുത്തതിനും റാഹിലിനെതിരേ കേസുണ്ട്. 2022-ല്‍ അഞ്ചുമാസത്തിനിടെ പല ജൂവലറികളില്‍നിന്നായി ഏഴുപവനോളം വരുന്ന സ്വര്‍ണനാണയങ്ങളാണ് പ്രതി തട്ടിയെടുത്തിട്ടുള്ളത്. ഇതിലൂടെ കിട്ടിയ ലക്ഷക്കണക്കിന് രൂപ രണ്ടുമാസം കൊണ്ട് ആഡംബരജീവിതത്തിലൂടെ ചെലവഴിച്ച് തീര്‍ത്തു.
ബ്രാന്‍ഡഡ് വസ്ത്രങ്ങളും വിലകൂടിയ ചെരുപ്പുകളും മാത്രമാണ് ഇയാള്‍ ധരിക്കാറുള്ളത്. വിലകൂടിയ പെര്‍ഫ്യൂമുകളും ഉപയോഗിക്കും. നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ താമസിച്ച് ജൂവലറിക്കാരെ കബളിപ്പിക്കുന്നതാണ് പതിവുരീതി. പലതവണ ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ടെങ്കിലും ജയിലില്‍നിന്ന് പുറത്തിറങ്ങി വീണ്ടും തട്ടിപ്പ് തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273