‘ദി കേരള സ്റ്റോറി’ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി; 10 മാറ്റങ്ങൾ; മുൻ മുഖ്യമന്ത്രിയുടെ അഭിമുഖമുൾപ്പെടെ വെട്ടി

ദി കേരള സ്റ്റോറിക്ക് കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. നേരത്തെ, ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയർന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. സിനിമയിൽനിന്നു മുൻ കേരള മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം, ചില സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചു. പാക്കിസ്ഥാൻ വഴി ഭീകരർക്ക് അമേരിക്കയും സഹായം നല്‍കുന്നു, ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങൾ ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്നു പറയുന്ന ഭാഗത്തെ ഇന്ത്യന്‍ എന്നതു മാറ്റണമെന്നും നിർദേശിച്ചെന്നാണു റിപ്പോർട്ട്.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്‌സ് ആയി ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകൾ നടത്തുന്ന പെൺവാണിഭത്തിൽപ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടർന്ന് ഫാത്തിമാ ബാ ആയി മാറിയ അവർ ഐ.എസിൽ ചേരാൻ നിർബന്ധിതയായി. ഇപ്പോൾ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മെയ് 5നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

കേരളത്തിൽനിന്നുള്ള നാലു സ്ത്രീകൾ മതംമാറി ഭീകര സംഘടനയായ ഐഎസിൽ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലർ പുറത്തുവന്നതോടെ കോൺഗ്രസും മുസ്‍ലിം ലീഗും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തി. 32,000 അല്ല അതിലധികം ആളുകൾ മതം മാറി കേരളത്തിൽനിന്ന് ഐഎസിൽ പോയിട്ടുണ്ടെന്നു സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും സുദീപ്തോ പറഞ്ഞു.

അതേ സമയം ദി കേരള സ്റ്റോറിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധിക്കും. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജെഎൻയുവിലെ സബർമതി ധാബയിലാണ് പ്രതിഷേധ പരിപാടികൾ. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് എസ്.എഫ്.ഐ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!