‘മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യില്ല. ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ല;’ – മഅ്ദനി

കർണാടക പൊലീസിന് വൻതുക നൽകി കേരളത്തിലേക്ക് വരില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. നീതി നിഷേധത്തോട് സന്ധി ചെയ്ത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. കരുതൽ തടങ്കലിലുള്ള ആൾക്ക് ഇത്രയും വലിയ തുക (54.63 ലക്ഷം) കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  പൊലീസ് അകമ്പടിക്കായി 54.63 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ നിർദേശത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യില്ല. അനന്തമായി നീതി നിഷേധം നേരിടുന്നു. കർണാടക സർക്കാർ സുപ്രീംകോടതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. മുമ്പൊന്നും ഈടാക്കാത്ത തുകയാണ് ഇത്തവണ ചോദിച്ചിരിക്കുന്നത്. നിയമപോരാട്ടം തുടരുമെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

ജാമ്യത്തിൽ ഇളവു ലഭിച്ചതിനു പിന്നാലെയാണ് കേരളത്തിലേക്കു പോകാനാൻ പിഡിപി ചെയർമാൻ മഅദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാൽ സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.

കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെയാണ് കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി അറിയിച്ചത്. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ജൂലൈ 8 വരെയുള്ള സുരക്ഷാ കാര്യങ്ങൾക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ മഅദനി നൽകിയ അപേക്ഷയിലാണു ബെംഗളൂരു തീവ്രവാദ വിരുദ്ധ സെൽ എതിർ സത്യവാങ്മൂലം നൽകിയത്.

മഅദനിക്കുള്ള സുരക്ഷാഭീഷണി, റിസ്ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിട്ടുള്ളതെന്നു സത്യവാങ്മൂലത്തിലുണ്ട്. ഇതേക്കുറിച്ചു റിപ്പോർട്ട് തയാറാക്കാൻ ക്രൈം ഡിസിപി യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവർ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തുക തീരുമാനിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

 

 

Share
error: Content is protected !!