മഅ്ദനിയുടെ അകമ്പടി ചെലവ് (56 ലക്ഷം) കുറക്കാനാകില്ല, മഅ്ദനി സിമിയിൽ അംഗം – കർണാടക സർക്കാർ

ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ. അകമ്പടി ചെലവ് കണക്കാക്കിയത് സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരമാണ്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പോലീസുകാർ അകമ്പടിയായി മഅദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എ.ആർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. ഇതിന് വേണ്ടിയാണ് മഅദനിക്ക് കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുമതി നൽകിയത്.

തുടർന്ന് സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതം​ഗ പോലീസ് സംഘം മഅദനിക്ക് അകമ്പടി നൽകാൻ തീരുമാനിച്ചതെന്നും മറുപടി സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്ന് കർണാടക സർക്കാർ ആരോപിക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്കർ ഇ തോയ്യ്‌ബ, ഇന്ത്യൻ മുജാഹദീൻ എന്നീ സംഘടനകളുമായും ബന്ധമുണ്ട്. നിയന്ത്രണങ്ങളില്ലാതെ നാട്ടിലേക്ക് പോകാൻ അനുവദിച്ചാൽ ഈ നിരോധിത സംഘടനകളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. ഇത് സാക്ഷികളെ സ്വാധീനിക്കാനും, ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും ഇടവരുത്തിയേക്കുമെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

കേരളത്തിലുടനീളം അണികളുള്ള നേതാവാണ് മഅദനി. അതിനാൽ ക്രമസമാധാന പ്രശനങ്ങളുണ്ടാക്കി സമാധാനം തകർക്കാൻ മഅദനിക്കാകും. ഈ സാഹചര്യത്തിൽ അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. കേരള സന്ദർശനത്തിനിടെ മഅദനിക്ക് അധിക സുരക്ഷ നൽകാൻ യതീഷ് ചന്ദ്ര കേരള പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അകമ്പടിക്ക് പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കണെമന്നാവശ്യപ്പെട്ട് മഅദനി നൽകിയ അപേക്ഷ തിങ്കളാഴ്ച്ച ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതിയില്‍ നിന്നും ഇളവുകിട്ടിയിരുന്നുവെങ്കിലും യാത്രക്കായി 56 ലക്ഷത്തിലധികം രൂപ അടക്കണമെന്ന് കാട്ടി കര്‍ണ്ണാടക പൊലീസ് കത്തു നല്‍കിയതാണ് മഅ്ദനിയൂടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലാകാന്‍ കാരണം.
20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക വേണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നത്. ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് മദനിയുടെ കുടുംബം വെളിപ്പെടുത്തുന്നത്.

കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട അകമ്പടിച്ചെലവായ 56 ലക്ഷം ഉള്‍പ്പെടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ വരും. താമസിക്കുന്ന സ്ഥലം, സന്ദര്‍ശിക്കാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങി നിരവധി രേഖകളും പൊലീസ് ആവശ്യപ്പെട്ടു. റോഡ് മാര്‍ഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാന്‍ പറ്റൂ, ആശുപത്രിയില്‍ പോവാന്‍ പറ്റില്ല എന്നീ നിബന്ധനങ്ങളും പൊലീസ് പറഞ്ഞതായി മഅദനി ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

കേരളത്തിലേക്ക് വരുന്നതിന് കര്‍ണാടക പൊലീസിന്റെ അകമ്പടി ആവശ്യപ്പെട്ടുള്ള മഅദനിയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് മറുപടി ലഭിക്കുന്നത്.

ഇതിനിടെ അമിത ചിലവ് ചുമത്തി മഅ്ദനിയുടെ കേരള സന്ദർശനം പ്രതിസന്ധിയിലാക്കുന്നതിനെതിരെ മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കാതിരിക്കാനുള്ള ശ്രമമാണോ സർക്കാർ ചെയ്യുന്നതെന്ന് കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി കർണാടക സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!