പൊലീസിൻ്റെ നാടകീയ നീക്കം; ആവശ്യക്കാരനായി എത്തിയത് പൊലീസ് അയച്ച ഏജൻ്റ്; ലഹരി മരുന്ന് വിറ്റ പ്രവാസി യുവാവിന് കടുത്ത ശിക്ഷ

ബഹ്റൈനില്‍ ലഹരി വില്‍പ്പന നടത്തിയ ഇന്ത്യക്കാരന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ (ആറര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും വിധിച്ച് കോടതി. മെത്താംഫിറ്റമിന്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചതിനും വില്‍പന നടത്തിയതിനുമാണ് ഇയാളെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് യുവാവിനെ ബഹ്റൈന്‍ പൊലീസ് കൈയോടെ പിടികൂടിയതെന്ന് കേസ് രേഖകള്‍ പറയുന്നു. രഹസ്യമായി ഇയാളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയയാളെ പൊലീസ് ഇയാളുടെ എടുത്തേക്ക് ലഹരി വസ്‍തുക്കള്‍ വാങ്ങാനായി അയക്കുകയായിരുന്നു. 25 ദിനാറിന് ഫെബ്രുവരി 19-ാം തീയ്യതി ഇയാള്‍ മയക്കുമരുന്ന് കൈമാറി. അപ്പോള്‍ തന്നെ പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

പിടിയിലാവുമ്പോള്‍ ഇയാള്‍ സ്വബോധത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മൂത്രപരിശോധന നടത്തിയപ്പോള്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ വെളുത്ത പൊടി കണ്ടെത്തിയത്. സിഗിരറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ലബോറട്ടറി പരിശോധനയില്‍ ഇത് മെത്താംഫിറ്റമീന്‍ എന്ന ലഹരി വസ്‍തുവാണെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ ഇയാള്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ കുറ്റം സമ്മതിച്ചു. ആരാണെന്ന് അറിയാത്ത ചില പാകിസ്ഥാനികളാണ് ലഹരി വസ്‍തുക്കള്‍ എത്തിച്ചിരുന്നതെന്നും ഇതിലൊരു ഭാഗം താന്‍ ഉപയോഗിക്കുകയും ബാക്കിയുള്ളത് ഒരു ഗ്രാമിന് 25 ദിനാര്‍ എന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. തെളിവുകളും സാക്ഷി മൊഴികളും കുറ്റം തെളിയിക്കാന്‍ സഹായകമായതായി കേസിന്റെ വിധിയില്‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!