അതിജീവനത്തിൻ്റെ വിജയകഥയുമായി മുതുകാടും ഓട്ടിസം ബാധിതരായ അഞ്ച് കുട്ടികളും അബുദാബിയിൽ

അബുദാബി: അതിജീവനത്തിന്റെ വിജയകഥകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിലെ 5 കുട്ടികൾ. അബുദാബിയിൽ നടക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഓട്ടിസം കോൺഫറൻസിലാണ് പിന്നിട്ട പാതകളും നേട്ടങ്ങളും അവതരിപ്പിക്കുക.

വിദഗ്ധ പരിശീലനത്തിലൂടെ ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് എങ്ങനെ എന്ന് അവതരിപ്പിക്കുന്നതിലൂടെ ഈ ഭൂമിയിൽ ഇവർക്കും അവകാശമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.  മതിയായ ശ്രദ്ധയും പരിചരണവും ലഭിച്ചാൽ മികവുള്ള കുട്ടികളാക്കി മാറ്റിയെടുക്കാമെന്നതിന് കുട്ടികൾ തന്നെ സാക്ഷ്യം. പുതിയ മൊഡ്യൂളും കരിക്കുലവും ഉദാഹരണ സഹിതം സമ്മേളനത്തിൽ അവതരിപ്പിക്കും.

26 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ചർച്ചാവിഷയവും ഇതായിരിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യയ്ക്കു കിട്ടിയ അവസരമായാണ് ഇതിനെ കാണുന്നത്. ലോകത്ത് ജനങ്ങൾ ഉള്ളിടത്തൊക്കെ വൈകല്യമുള്ള കുട്ടികളുണ്ട്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും എന്തുകൊണ്ട് ഇത്തരത്തിലുള്ള കുട്ടികൾ പിറക്കുന്നുവെന്നത് കണ്ടെത്തിയിട്ടില്ല. രാജ്യാന്തര സമ്മേളനങ്ങൾ അതിലേക്കു വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

ഇങ്ങനെ ജനിക്കുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ഇനിയും കണ്ടെത്തലുകൾ അനിവാര്യമാണെന്നും മുതുകാട് പറഞ്ഞു. ഈ ഘട്ടത്തിലാണ് ഡിഫറന്റ് ആർട്ട് സെന്ററിന്റെ പിറവിയും തുടർന്നുള്ള പ്രവർത്തനവും. ഇതുവരെ ലോകത്ത് പരീക്ഷിക്കപ്പെടാത്ത പലതും പരീക്ഷിച്ച് വിജയം കണ്ടെത്തിയതിന്റെ ഉദാഹരണമാണ് രാജ്യാന്തര ഓട്ടിസം കോൺഫറൻസിലെ ഈ കുട്ടികളുടെ സാന്നിധ്യം. 5 വർഷത്തിനിടെ കുട്ടികളിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി. 2017ൽ കേന്ദ്രത്തിലെത്തിയ കുട്ടികൾ ജീവിതത്തിലും തൊഴിലിലും സ്വയം പര്യാപ്തരാണെന്നും പറഞ്ഞു.

കൈയിൽ എന്തെങ്കിലും കൊടുത്താൽ പിടിക്കാൻ പോലും പറ്റാതിരുന്ന, വലിച്ചെറിഞ്ഞു പൊട്ടിച്ചിരുന്ന, അക്രമാസക്തരായ കുട്ടികളാണ് നിരന്തര പരിശീലനത്തിലൂടെ ഇന്നു ലോകത്തിന്റെ മുന്നിൽ ശാന്തരായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. സർക്കാർ ഏജൻസിയുടെ പരിശോധനയിൽ കുട്ടികളുടെ വൈകല്യത്തിന്റെ തോത് കുറയുകയും ഐക്യു, ഇക്യു തോതു കൂടുകയും ചെയ്തതായും കണ്ടെത്തി.

നിലവിൽ 300 കുട്ടികളാണ് കേന്ദ്രത്തിലുള്ളത്. 2025 ആകുമ്പോഴേക്ക് 1000 കുട്ടികൾക്കു പ്രവേശനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടുതൽ അമ്മമാരുടെ കണ്ണീരൊപ്പാൻ ഇതിലൂടെ സാധിക്കും. ഭിന്നശേഷി കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ലോകത്തുള്ള സ്ഥാപനങ്ങൾ സന്ദർശിച്ച് പഠനവിധേയമാക്കാനുള്ള ശ്രമത്തിലാണ്. അമേരിക്കയിലെ പോർട്ട്ലന്റിലെ മൗണ്ട്ഹുഡിൽ അനിമൽ തെറപ്പിയെക്കുറിച്ച് പഠനവിധേമാക്കി.

ഇങ്ങനെ പുതിയ സംവിധാനങ്ങളുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി കുട്ടികളെ മികവിന്റെ ഉന്നതിയിലെത്തിക്കാനാണ് ശ്രമം. നല്ല മനുഷ്യരുടെ സംഭാവനയാണ് മുന്നോട്ടുള്ള ഊർജം. മാജികും പ്രശസ്തിയും സാമ്പത്തിക നേട്ടവും നഷ്ടമായെങ്കിലും ഭിന്നശേഷി കുട്ടികളെ പരിചരിക്കുന്നതിലൂടെ കിട്ടുന്ന സംതൃപ്തി ജീവിതത്തിന് അർഥം സമ്മാനിച്ചതായും മുതുകാട് പറഞ്ഞു. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!