ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; സർക്കാർ പിരിച്ചത് 324 കോടി രൂപ
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്. 39 കോടി രൂപ അധികം പിരിച്ചു.
കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സൈസ് പിരിച്ചിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി മുടങ്ങി. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയാണ് പെൻഷൻ നൽകിയത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിൽ ജോലി ചെയ്യുന്നത് 283 താൽക്കാലിക ജീവനക്കാരും 15 സ്ഥിരം ജീവനക്കാരുമാണ്. പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരാണ് പലരും. കുടിശിക പിരിച്ചെടുക്കുന്നതിനാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.
കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികൾ നൽകേണ്ട സെസിൽ നിന്നാണ് തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തിൽ ബോർഡിന് ഒടുക്കേണ്ടത്. 1995 നവംബറിന് മുൻപ് നിർമിച്ച കെട്ടിടങ്ങൾ സെസ് നൽകേണ്ടതില്ല. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സൈസില്ല. എന്നാൽ, 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവ് വന്നാൽ സെസ് ബാധകമാകും.
1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും ചട്ടങ്ങളും പ്രകാരം ബില്‍ഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പ് തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. ലേബർ ഓഫിസർമാർക്കാണ് തുക പിരിച്ചെടുക്കേണ്ട ഉത്തരവാദിത്തം. കെട്ടിടം നിർമിക്കുമ്പോഴും പൂർത്തിയാകുമ്പോഴും അടയ്ക്കുന്ന ഫീസിനു പുറമേ വാർഷിക വസ്തു നികുതിയും അടയ്ക്കുന്ന ജനങ്ങളിൽനിന്നാണ് സെസ് ഈടാക്കുന്നത്.
∙ സെസായി പിരിച്ചെടുക്കുന്നത് കോടികൾ
2014–15: സെസ് കലക്‌ഷൻ–175,30,79,428 രൂപ
2015–16: സെസ് കലക്‌ഷൻ–189,00,10,118
2016–17:സെസ് കലക്‌ഷൻ–203,57,70,267
2017–18:സെസ് കലക്‌ഷൻ–192,45,00,853
2018–19:സെസ് കലക്‌ഷൻ–248,95,41,013
2019–20:സെസ് കലക്‌ഷൻ–235,26,10,369
2020–21:സെസ് കലക്‌ഷൻ–229,59,96,194
2021–22:സെസ് കലക്‌ഷൻ–285,60,38,439
2022–23(ഫെബ്രുവരി വരെ):324,45,78,213
തൊഴിലാളികളിൽനിന്ന് പ്രതിമാസം 50 രൂപ നിരക്കിൽ വർഷം 600 രൂപയാണ് അംശാദായമായി ഈടാക്കുന്നത്. 2015 മുതൽ 280 കോടി രൂപയാണ് ഇങ്ങനെ ബോർഡിലേക്കെത്തിയത്.
കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിശദീകരണം: നടപടികൾ കർശനമാക്കിയതാണ് സെസ് തുക കൂടാൻ കാരണം. 57.63 കോടി രൂപയാണ് മാസം പെൻഷനായി വേണ്ടിവരുന്നത്. കുടുംബ പെൻഷൻ 800 രൂപയാണ്. അപകടമരണത്തിന് 2 ലക്ഷം രൂപയാണ് നൽകേണ്ടത്. ആശ്വാസ ചികില്‍സാ സഹായമായി 25,000 രൂപ അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ട്. ഇപ്പോൾ ലഭിക്കുന്ന തുകയിൽനിന്ന് അതെല്ലാം നൽകാന്‍ കഴിയുന്നില്ല.
ഇപ്പോൾ സെസ് പിരിക്കുന്നത് തൊഴിൽ വകുപ്പാണ്. തദ്ദേശ വകുപ്പിനെ ഏൽപ്പിക്കുന്നതോടെ കൂടുതൽ തുക പിരിക്കാനും പ്രതിസന്ധി മറികടക്കാനാകും കഴിയും. ബോർഡിൽ സ്പെഷൽ റൂൾസ് ഇല്ലാത്തിനാലാണ് സ്ഥിര നിയമനം നടത്താത്തത്. ഇതിനായി സർക്കാരിലേക്ക് പലതവണ കത്തുകളെഴുതി. താൽക്കാലിക നിയമനം നടത്തിയത് വർഷങ്ങൾക്ക് മുൻപായതിനാൽ അതിന്റെ മാനദണ്ഡങ്ങൾ വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273