എട്ടുവയസ്സുകാരിയുടെ മരണം; മൊബൈൽ ഫോണിലുണ്ടായത് രാസസ്‌ഫോടനം, കാരണം അന്വേഷിച്ച് വിദഗ്ധർ

തൃശൂർ പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിക്കാനിടയായതിന് കാരണം രാസസ്ഫോടനമെന്ന് പോലീസും ഫോറൻസിക് വിഭാഗവും. മൊബൈൽ ഫോണിൽനിന്ന് തീ പടർന്നിട്ടില്ല എന്നതാണ് ഈ നിഗമനത്തിന് കാരണം. ഫോണിലെ ബാറ്ററി അമിതമായി ചൂടായി അതിലെ ലിഥിയം അതിയായ മർദത്തോടെ പുറത്തുവന്നതാണ് അപകടമുണ്ടാക്കിയതെന്ന് സംശയിക്കുന്നു.

മുൻ ബ്ലോക്ക് പഞ്ചായത്തംഗം പട്ടിപ്പറമ്പ് മാരിയമ്മൻകോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക്‌കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി പത്തിനുശേഷമാണ് ഇവരുടെ വീട്ടിൽ ദുരന്തമുണ്ടായത്. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ.

കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി പറയുന്നത്. തിരുവില്വാമലയിൽ കൂറിയർ സ്ഥാപനം നടത്തുന്ന അശോക്‌കുമാറും സൗമ്യയും വീട്ടിലെത്തിയിരുന്നില്ല. സ്ഫോടനശബ്ദം കേട്ട് പ്രദേശവാസികളും മുത്തശ്ശിയും കുട്ടി കിടന്നിരുന്ന മുറിയിൽ എത്തിയപ്പോൾ മുഖം തകർന്നും വിരലുകൾ അറ്റുപോയ നിലയിലുമായിരുന്നു. ചോരയൊലിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു കുട്ടി. അതേസമയം കിടക്കയ്ക്കോ കട്ടിലിനോ കാര്യമായ നാശമുണ്ടായിട്ടില്ല. തലയിണക്കവറിൽ മാത്രം ദ്വാരമുണ്ടായിട്ടുണ്ട്. മുത്തശ്ശി ഭക്ഷണമെടുക്കാൻ പോയ സമയത്തായിരുന്നു അപകടം.

കുട്ടി ഉപയോഗിച്ചിരുന്നത് മൂന്നുവർഷത്തിലധികം പഴക്കമുള്ള ഫോണായിരുന്നു. അശോകന്റെ അനുജൻ സമ്മാനമായി നൽകിയ ഫോണിന്റെ ബാറ്ററി ഒരു തവണ മാറ്റിയതായി അറിയുന്നു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിദഗ്‌ധരുടെ നിഗമനം. ഓടിട്ട വീടിനോട് ചേർന്ന് സമീപകാലത്തായി കൂട്ടിച്ചേർത്ത മുറിയുടെ മേൽക്കൂര ഷീറ്റിട്ടതാണ്. ഫോണും ശരീരാവശിഷ്ടങ്ങളും ഫോറൻസിക് വിദഗ്‌ധർ പരിശോധനയ്ക്ക് വിധേയമാക്കി.

കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, പഴയന്നൂർ പോലീസ് ഇൻസ്പെക്ടർ ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘവും തൃശ്ശൂർ സിറ്റിയിൽനിന്നുള്ള ഫോറൻസിക് വിദഗ്‌ധരായ സയന്റിഫിക് ഓഫീസർ ബി. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയ്ക്ക് നേതൃത്വം നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

 

നടുക്കിയ പൊട്ടിത്തെറി; കാരണം അന്വേഷിച്ച് വിദഗ്ധർ

മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികൾക്ക് സ്ഫോടനശേഷിയുണ്ട്. ചൂടേറിയ കാലാവസ്ഥയിൽ ഷീറ്റിട്ട മുറിയിൽ ഏറെനേരം കുട്ടി മൊബൈൽ ഉപയോഗിച്ചപ്പോൾ ഫോൺ അമിതമായി ചൂടായിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. യഥാർഥ ബാറ്ററിയല്ലെന്നതിനാൽ അപകടസാധ്യത കൂടുതലാണ്. ചൂടായി വീർത്ത ബാറ്ററികളുള്ള ഫോൺ അമർന്നുപോയാലും അപകടമുണ്ടാകാം.

കുട്ടി ഏറെനേരമായി വീഡിയോ കാണുകയായിരുന്നുവെന്നാണ് മുത്തശ്ശി പറഞ്ഞത്. ഇന്റർനെറ്റുകൂടി ഉപയോഗിക്കുകയാണെങ്കിൽ ഫോൺ അമിതസമ്മർദത്തിലായി വേഗത്തിൽ ചൂടാകും. സാധാരണ ഫോൺ പൊട്ടിത്തെറിക്കുമ്പോൾ തീപിടിച്ച് പൊള്ളലേറ്റുള്ള അപകടമാണുണ്ടാകാറുള്ളത്. ഇവിടെ തീ പടർന്നിട്ടില്ല. എന്നാൽ, സ്ഫോടനശബ്ദം കേട്ടതായി മുത്തശ്ശിയും പരിസരവാസികളും പറയുന്നുണ്ട്.

ഓടിയെത്തിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന്‌ മുത്തശ്ശി പറയുന്നു. ഈ വിവരങ്ങൾ ശരിയാണെങ്കിൽ അപകടത്തിന് അപൂർവതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!