മലയാള സിനിമയില്‍ നിരവധി പേര്‍ മയക്കുമരുന്നിന് അടിമകള്‍, അവരുടെ ലിസ്റ്റ് സര്‍ക്കാരിന് കൈമാറും: സിനിമാ സംഘടനകള്‍

മയക്കുമരുന്നിന് അടിമകളായ നിരവധി പേര്‍ സിനിമയിലുണ്ടെന്ന് സിനിമാ സംഘടനകള്‍. ഇതിന് കടിഞ്ഞാണിടാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറും. അന്വേഷണം നടത്തട്ടെ. അവരുടെ പേരുകള്‍ പരസ്യമായി പറയില്ല. സിനിമാ വ്യവസായം നന്നാവാന്‍ വേണ്ടിയാണിതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. വിവിധ സിനിമാ സംഘടനകളുടെ ഭാരവാഹികളായ ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ കാലത്തെ നടന്മാര്‍ക്ക് ഇങ്ങനെയുള്ള സ്വഭാവങ്ങളില്ല. ചെറുപ്പക്കാരിലാണ് മയക്കുമരുന്ന് ഉപയോഗം അധികമായി കാണുന്നത്. മയക്കുമരുന്നിന് അടിമകളായവരുമായി സഹകരിക്കില്ലെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്നും സിനിമാ സംഘടനകള്‍ വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെയിന്‍ നിഗത്തിന്‍റെ കാര്യത്തില്‍ ആര്‍ക്കും ന്യായീകരിക്കാന്‍ പറ്റില്ല. ഒരു സിനിമ പകുതി ആയപ്പോള്‍ അദ്ദേഹത്തിനു പ്രാധാന്യം വേണമെന്നും എഡിറ്റ് ചെയ്ത് കണ്ടില്ലെങ്കില്‍ അഭിനയിക്കില്ലെന്നും പറഞ്ഞു. ഇത് ഒരു സംഘടനയ്ക്കും സഹിക്കാന്‍ കഴിയില്ല. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് അദ്ദേഹത്തിനു പോലും അറിയില്ല. പ്രൊഡ്യൂസര്‍ അസോസിയേഷന്‍റെ എഗ്രിമെന്‍റില്‍ ഒപ്പിടാന്‍ പറയുമ്പോള്‍ അദ്ദേഹത്തെ കുരുക്കാനാണെന്നാണ് പറയുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.

നിർമാതാക്കളുടെ ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്ന് താരസംഘടനയായ അമ്മയുടെ ഭാരവാഹി ഇടവേള ബാബു പറഞ്ഞു. ഈ നടൻമാരെ വച്ച് സിനിമ ചെയ്യുന്ന നിർമാതാക്കള്‍ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!