ഛർദിയെ തുടർന്ന് 12 കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി: ഛർദിയെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. മുഹമ്മദലിയുടെ സഹോദരി താഹിറയെ (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്ക്രീമിൽ എലിവിഷം ചേർത്തതാണ് മരണകാരണമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്.

അരിക്കുളത്തെ കടയിൽനിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വച്ചായിരുന്നു വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു. എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച അരിക്കുളത്തെ കടയിൽനിന്നും വാങ്ങിയ ഐസ്ക്രീം കുട്ടി കഴിച്ചിരുന്നു, തുടർന്ന് ഛർദിയുണ്ടാവുകയും വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടുകയും ചെയ്തു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയശേഷം കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ ചേർന്ന് അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽ നിന്നും സാംപിൾ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തി.

ഇതേത്തുടർന്ന് കൊയിലാണ്ടി പൊലീസ് നിരവധി പേരിൽനിന്നു മൊഴി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി ഇവരിൽ ചിലരെ തുടർച്ചയായി ചോദ്യം ചെയ്തു. തുടർന്നാണ് പ്രതിയിലേക്ക് എത്തിയത്‌. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചു.

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദ്, സിഐ കെ.സി.സുഭാഷ് ബാബു, എസ്ഐ വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സിപിഒ കരീം, ഗംഗേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ശോഭ, രാഖി, എസ്‌സിപിഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!