രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപകീര്‍ത്തിക്കേസില്‍ സ്റ്റേ ഇല്ല, അയോഗ്യത തുടരും
അപകീര്‍ത്തിപരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ ലോക്‌സഭാ എം.പി. സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി. മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്. ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനി രാഹുലിന് മുന്നിലുള്ള മാര്‍ഗം. 2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്.
കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദംകേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിപറയുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഹുലിന്റെ സ്റ്റേ ആവശ്യം നിരാകരിക്കുന്നു എന്നാണ് ജഡ്ജ് തുറന്നകോടതിയില്‍ വ്യക്തമാക്കിയത്.
മാനനഷ്ടക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയായ രണ്ടുവര്‍ഷമാണ് രാഹുലിന് മജിസ്‌ട്രേറ്റ് കോടതി വിധിച്ചതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ പരമാവധി ശിക്ഷ ലഭിക്കേണ്ടുന്ന കുറ്റം രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ ഉന്നയിച്ചു.
പരമാവധി ശിക്ഷ ലഭിക്കുന്നപക്ഷം സ്വാഭാവികമായും ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് ലോക്‌സഭാ എം.പി. സ്ഥാനം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ത്തന്നെ രാഹുലിന്റെ അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ കുറ്റക്കാരന്‍ ആണെന്ന വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് വരുന്നതിന് മുന്‍പാണ് കോലാറില്‍ രാഹുല്‍ കേസിന് ആധാരമായ പ്രസംഗം നടത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ രാഹുലിനെതിരായ വിധി സ്റ്റേ ചെയ്യരുതെന്ന് കേസിലെ പരാതിക്കാരനും ഗുജറാത്ത് എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകര്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ അപകീര്‍ത്തിപരാമര്‍ശം നടത്തുന്ന വ്യക്തിയാണെന്നും റഫാല്‍കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് രാഹുല്‍ നിരന്തരം അവഗണിക്കുന്നെന്നും ഇവര്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ്‌വി, പി. ചിദംബരം, വിവേക് തന്‍ഖ തുടങ്ങിയവര്‍ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. അഭിഷേക് മനു സിങ്‌വിയോ ചിദംബരമോ ഹൈക്കോടതിയില്‍ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273