വിമാനം പുറപ്പെടും മുമ്പ് യാത്രക്കാരൻ മദ്യപിച്ച് ബഹളം വെച്ചു, പുറത്തിറക്കാനെത്തിയ പൊലീസിനെയും മര്‍ദിച്ചു; ഒടുവിൽ ബലപ്രയോഗത്തലൂടെ കീഴ്‍പ്പെടുത്തി
ബഹ്റൈനില്‍ വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്‍ത സൗദി പൗരന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് ഇയാളെ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചു, പൊതുസ്ഥലത്തു വെച്ച് മദ്യപിച്ചു, പൊലീസുകാരെ പരസ്യമായി അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
43 വയസുകാരനായ സൗദി പൗരനാണ് വിചാരണ നേരിടുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊതുസ്ഥലത്ത് മദ്യപിച്ചത് ഒഴികെയുള്ള മറ്റ് കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയായിരന്നു. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്നും അതുകാരണം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമുള്ള വിവരം വിമാന ജീവനക്കാരാണ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. യാത്രക്കാരന്‍ സ്വബോധത്തിലല്ലെന്നും ഇവര്‍ പറഞ്ഞു.
ഇതനുസരിച്ച് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്തേക്ക് ചെന്നു. തങ്ങള്‍ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ഇയാളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രണ്ട് പേരെയും തള്ളിമാറ്റിയ പ്രതി ഇവരെ മര്‍ദിക്കാന്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുവെങ്കിലും ഇയാളെ പെപ്പര്‍ സ്‍പ്രേ ഉപയോഗിച്ച് കീഴടക്കി പുറത്തെത്തിച്ചു.
എന്നാല്‍ അവിടെ നിന്ന് വീണ്ടും അകത്തേക്ക് ഓടിയ ഇയാള്‍ സീറ്റില്‍ തന്നെ ഇരുന്നു. തടയാനെത്തിയ പൊലീസുകാരില്‍ ഒരാളുടെ ഷര്‍ട്ട് വലിച്ചുകീറിയെന്നും മറ്റൊരാളെ ചവിട്ടിയെന്നും ഇവരുടെ മൊഴിയില്‍ പറയുന്നു. പൊലീസുകാരുടെ ശരീരത്തിലേക്ക് തുപ്പുകയും അവരെ അസഭ്യം പറയുകയും ചെയ്‍തു. ഉദ്യോഗസ്ഥരില്‍ ഒരാളുടെ യൂണിഫോമില്‍ ഉണ്ടായിരുന്ന കൈവിലങ്ങ് തട്ടിയെടുത്ത് അയാളുടെ കഴുത്തില്‍ കുരുക്കാനും ശ്രമിച്ചു.
ഒടുവില്‍ അറസ്റ്റ് ചെയ്‍ത് കീഴ്‍പ്പെടുത്തി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ച ശേഷമാണ് മറ്റ് യാത്രക്കാര്‍ക്ക് പുറപ്പെടാനായത്. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്‍തു. കഴിഞ്ഞ ദിവസം കോടതി കേസില്‍ പ്രാഥമിക വാദം കേട്ടതിന് ശേഷം ഏപ്രില്‍ 30ന് പരിഗണിക്കുന്നതിനായി കേസ് മാറ്റിവെച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273