ഇന്‍സ്റ്റഗ്രാമിലെ ഫിറ്റ്‌നെസ് കോച്ച്; ബോഡിഷേപ്പിനായി സ്ത്രീകളുടെ നഗ്നചിത്രം ചോദിക്കും, വീഡിയോ കോളിനായി ഭീഷണി, ഒടുവിൽ പിടിയിൽ
പുതുച്ചേരി: ഫിറ്റ്‌നെസ് കോച്ചാണെന്ന വ്യാജേന നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ് യുവതിയുടെ പരാതിയില്‍ പുതുച്ചേരി സൈബര്‍ക്രൈം പോലീസ് പിടികൂടിയത്. ഫിറ്റ്‌നെസ്റ്റ് കോച്ചാണെന്ന വ്യാജേനെയാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിരുന്നതെന്നും പിന്നീട് ഇതിന്റെ മറവിലാണ് തന്ത്രപൂര്‍വം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്യാന്‍ ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
22 വയസ്സുകാരനായ ദിവാകര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ഫിറ്റ്‌നെസ് കോച്ചാണെന്നും ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം. സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ മികച്ച ബോഡിഷേപ്പി(ആകാരവടിവ്)നായി ചില പ്രത്യേക വ്യായാമങ്ങളുണ്ടെന്നും ഇതിനായി നഗ്നചിത്രങ്ങള്‍ ആവശ്യമാണെന്നും പറയും. ഈ ചിത്രങ്ങള്‍ ലഭിക്കുന്നതോടെ മറ്റുചില വെബ്‌സൈറ്റുകളില്‍നിന്ന് വ്യായാമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇതെല്ലാം താന്‍ നിര്‍ദേശിക്കുന്ന വ്യായാമരീതികളാണെന്ന് പറഞ്ഞ് സ്ത്രീകള്‍ക്ക് കൈമാറും. ഇതനുസരിച്ച് വ്യായാമം ചെയ്യുന്നതോടെ ഫലം ലഭിക്കുമെന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല. ഇതിനു പിന്നാലെയാണ് നഗ്നരായി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ചായിരുന്നു ദിവാകര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്. നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്നതിന് പിന്നാലെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ വ്യാജ ഐ.ഡികള്‍ നിര്‍മിക്കുന്നത്. ഈ വ്യാജ ഐ.ഡികളില്‍നിന്ന് നേരത്തെ കൈക്കലാക്കിയ നഗ്നചിത്രങ്ങള്‍ സ്ത്രീകള്‍ക്ക് അയച്ചുനല്‍കും. പൂര്‍ണനഗ്നയായി താനുമായി വീഡിയോ കോള്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരിക്കും അടുത്ത ഭീഷണിസന്ദേശം. ഇത്തരത്തില്‍ ഇയാളുടെ ഭീഷണിസന്ദേശം ലഭിച്ച യുവതികളില്‍ ഒരാളാണ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്. വിവിധ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ നഗ്നചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
യുവാവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പത്തിലേറെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തതായാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍, ഒരു യുവതി മാത്രമാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഇരകളായ മറ്റുള്ളവരും പരാതി നല്‍കിയാല്‍ പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും സൈബര്‍ക്രൈം ഇന്‍സ്‌പെക്ടര്‍ ബി.സി. കീര്‍ത്തി പറഞ്ഞു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273