താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ പത്താംദിവസം കണ്ടെത്തി. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കര്‍ണാടകയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തിയത്. ഷാഫിയെ കണ്ടെത്താനായി കഴിഞ്ഞദിവസങ്ങളിലെല്ലാം പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് ഷാഫിയെ കണ്ടെത്തിയതെന്നാണ് വിവരം. യുവാവുമായി പോലീസ് സംഘം തിങ്കളാഴ്ച തന്നെ താമരശ്ശേരിയിലെത്തും.

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് പരപ്പന്‍പൊയിലിലെ വീട്ടില്‍നിന്ന് ഷാഫിയെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ ഭാര്യയെയും ഇവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. അതേസമയം, ഷാഫിയെ എവിടേക്കാണ് കൊണ്ടുപോയതെന്നോ എന്താണ് സംഭവിച്ചതെന്നോ ദിവസങ്ങളായിട്ടും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഷാഫിയെ വയനാട് ഭാഗത്തേക്കാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഷാഫിയുടെ മൊബൈല്‍ഫോണ്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയത് അന്വേഷണത്തെ കുഴപ്പിച്ചു. കേസില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കാസര്‍കോട്ടുനിന്ന് കണ്ടെത്തിയത്. കേസില്‍ കാസര്‍കോട്ടുനിന്ന് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതിനിടെ, കഴിഞ്ഞദിവസങ്ങളില്‍ അജ്ഞാതകേന്ദ്രത്തില്‍നിന്നുള്ള ഷാഫിയുടെ ചില വീഡിയോകള്‍ പുറത്തുവന്നിരുന്നു. വിദേശത്തുനിന്ന് 80 കോടി രൂപയുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് വീഡിയോയില്‍ ഷാഫി പറഞ്ഞിരുന്നത്. എത്രയുംവേഗം മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇയാള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതും കൂടി വായിക്കുക..

പ്രവാസിയെ തട്ടികൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!