ദുബായിലെ തീപിടുത്തം; മരിച്ച 4 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, കെട്ടിടം സീൽ ചെയ്തതോടെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങാനാകാതെ കുടുംബങ്ങളും ബാച്ചിലേഴ്സും തെരുവിലായി
ശനിയാഴ്ച ദുബായിലെ പാർപ്പിട കെട്ടിടത്തിൽ 16 പേർ മരിക്കാനിടയാക്കിയ ദാരുണമായ തീപിടിത്തത്തിൽ മരിച്ചവരിൽ നാല് ഇന്ത്യക്കാരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരിച്ചറിഞ്ഞു. കേരളത്തിൽ നിന്നുള്ള ദമ്പതികളും തമിഴ്നാട് സ്വദേശികളായ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
റിജേഷ് കളങ്ങാടൻ (38), ഭാര്യ ജെഷി കണ്ടമംഗലത്ത് (32), ഗൂഡു സാലിയക്കൂണ്ട് (49), ഇമാംകാസിം അബ്ദുൾ ഖാദർ (43) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞ ഇന്ത്യക്കാർ.
‘സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളി വഴിയാണ് ഇവരുടെ പാസ്‌പോർട്ട് കോപ്പികൾ ലഭിച്ചത്. മൃതദേങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഞങ്ങൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയാണെന്ന് ”കോൺസുലേറ്റിലെ കോൺസുലറും ലേബർ കോൺസലുമായ ബിജേന്ദർ സിംഗ് പറഞ്ഞു.
അതേസമയം, തന്റെ സഹോദരൻ കെട്ടിടത്തിനുള്ളിൽ തീ പൊള്ളലേറ്റ് പിടയുമ്പോൾ രക്ഷപ്പെടുത്താൻ സാധിക്കാതെ പുറത്ത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നതായി മരിച്ച തമിഴ്നാട് സ്വദേശി സാലിയക്കൂണ്ടിന്റെ ജ്യേഷ്ഠൻ സാലിഗ സാഹിബ് ഗുഡു ബാഷ പറഞ്ഞു. സാലിയക്കൂണ്ടും അബ്ദുൾ ഖാദറും യഥാക്രമം വാച്ച്മാൻ കം ക്ലീനറായും പെയിന്റർ കം കാർപെന്ററായും ജോലി ചെയ്ത് വരികയായിരുന്നു.
സമീപത്തെ കെട്ടിടത്തിൽ സെക്യൂരിറ്റി ജീവനക്കാരനായാണ് ബാഷ ജോലി ചെയ്യുന്നത്. തീപിടുത്തത്തെ കുറിച്ച് കേട്ട്, ഉച്ചയ്ക്ക് 12.30 ഓടെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.
“കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഒരു പാകിസ്ഥാൻകാരൻ എന്നോട് പറഞ്ഞു, അയാൾ എന്റെ സഹോദരനോടും അവന്റെ സഹപ്രവർത്തകനോടും പുറത്തിറങ്ങാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.”അദ്ദേഹം പറഞ്ഞു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തന്റെ സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് താൻ കണ്ടതായി ബാഷ പറഞ്ഞു. “ഞാനും ഹോസ്പിറ്റലിൽ പോയി, അവിടെ എത്തിയപ്പോൾ തന്നെ അദ്ദേഹം മരിച്ചതായാണ് അറിയാൻ സാധിച്ചത്,” അദ്ദേഹം പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് തെരുവിലേക്കിറങ്ങേണ്ടി വന്നവർ
ഏപ്രിൽ 16 ഞായറാഴ്ച പുലർച്ചെ 1 മണി. ദുബായിലെ അൽ റാസിലെ അപ്പാർട്ട്‌മെന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത് ഏകദേശം 12 മണിക്കൂർ പിന്നിട്ടു. ദുരന്തത്തിൽ അവശേഷിക്കുന്നത് നാലാം നിലയിലെ അപ്പാർട്ട്മെന്റിന്റെ കറുത്ത നിറത്തിലുള്ള പുറംഭാഗം മാത്രമാണ്.
സുരക്ഷാ കാരണങ്ങളാൽ കെട്ടിടം അധികൃതർ സീൽ ചെയ്തു. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട വാടകക്കാരായ ബാച്ചിലേഴ്സു, കുടുംബങ്ങളും ഒറ്റ രാത്രി കൊണ്ട് ഭവനരഹിതരായി.
“ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞങ്ങളെ ഒഴിപ്പിച്ചതിനാൽ അപ്പോൾ മുതൽ ഞങ്ങൾ തെരുവിലാണ് കഴിയുന്നത്” , തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ച ഒരു വാടകക്കാരൻ പറഞ്ഞു.
മാധ്യമ പ്രവർത്തകർ അർദ്ധരാത്രി സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ, വാടകക്കാർ വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ റോഡിൽ കാത്തുനിൽക്കുന്നതാണ് കണ്ടത്. ചിലർ ചായ കുടിക്കുന്നു. മറ്റു ചിലർ പരസ്പരം സംസാരിച്ചും, വിശുദ്ധ ഖുർആൻ പാരായണം ചെയ്തും തെരുവിൽ കഴിയുകയാണ്. തങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിൽ അത്തരത്തിലുള്ള എന്തെങ്കിലും അറിയിപ്പ് വരന്നതും കാത്തിരിക്കുകയായിരുന്നു എല്ലാവരും.
ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. നാലാം നിലയിൽ ഒരു തീ ഗോളം കണ്ടതായി സമീപവാസികൾ പറഞ്ഞു. ഇത് ഒരു തകരാറുള്ള എയർ കണ്ടീഷണറിൽ നിന്നുള്ളതാണെന്നാണ് അവർ അനുമാനിക്കുന്നത്. “ഞങ്ങൾ ആദ്യം ശ്രദ്ധിച്ചത് എസി കത്തുന്നതായിരുന്നു. പക്ഷേ ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ ഒരു സ്ഫോടന ശബ്ദം കേട്ടു … ഒരുപക്ഷേ എസിയുടെ കണ്ടൻസർ പൊട്ടിതെറിച്ചതാവാം. അൽപസമയത്തിനുള്ളിൽ തീ പടർന്നു പിടിച്ചു, കറുത്ത പുക ഉയർന്ന് പൊങ്ങുന്നതാണ് പിന്നീട് കണ്ടത്.” ഒരു ദൃക്‌സാക്ഷി പറഞ്ഞു.
താമസക്കാരുടെ ദുരിതം
റമദാൻ മാസത്തിൽ, കെട്ടിട നിവാസികൾ ഫജ്ർ നമസ്കാരത്തിന് ശേഷം ഉറങ്ങുകയും ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഉണർന്ന് അവരുടെ ദിനചര്യകൾ ആരംഭിക്കുകയും ചെയ്യുന്ന ശീലമാണ് കാലങ്ങളായി ഉള്ളത്. ദുരന്തദിവസം പക്ഷേ, അവരുടെ അലാറമല്ല, വലിയൊരു സ്‌ഫോടനമാണ് അവരെ ഉണർത്തിയത്. “മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ റൂംമേറ്റ് ഒരു ദുർഗന്ധം അനുഭവപ്പെട്ടു. അയാൾ ഉടൻ തന്നെ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്ന ഞങ്ങളെ വിളിച്ചുണർത്തി. എന്നാൽ വൈകാതെ തന്നെ ഞങ്ങൾ കേട്ടത് ഒരു സ്ഫോടന ശബ്ദമായിരുന്നു. തൊട്ടുപിറകെ ഞങ്ങളുടെ മുറിയിലേക്ക് പുക കയറാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നിൽക്കുകയായിരുന്നു ഞങ്ങൾ. പിന്നീട് ഞങ്ങൾ ബാൽക്കണിയിലേക്ക് ഓടി, സഹായത്തിനായി വിളിക്കാൻ തുടങ്ങി, അപ്പോഴാണ് തെരുവുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിപ്പെട്ടത്” – ഒരു അനുഭവസ്ഥനായ വാടകക്കാരൻ പറഞ്ഞു.
കെട്ടിടത്തിൽ നിയോഗിച്ചിരുന്ന രണ്ട് വാച്ചർമാർ വാടകക്കാരെ രക്ഷിക്കാൻ ശ്രമിച്ചു. ഫ്ലാറ്റുകളിൽ തീ പടർന്നതോടെ കെട്ടിടത്തിലെ സൈറൺ പ്രവർത്തനക്ഷമമായി. സെക്യൂരിറ്റി ഗാർഡുകളും ഒരു താമസക്കാരനും ചേർന്ന് നാലാം നിലയിലേക്ക് ഓടി. പുക കാരണം ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും അതൊന്നും വകവെക്കാതെ അവർ മുന്നോട്ട് നീങ്ങി.
അപ്പോഴേക്കും ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ ഉച്ചയ്ക്ക് 12.35ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത്. ആറ് മിനിറ്റിനുള്ളിൽ ഒരു സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. പോർട്ട് സയീദ്, ഹംരിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ പ്രവർത്തനങ്ങൾക്ക് കൂടെ ഉണ്ടായിരുന്നു.
“ഒന്നും,രണ്ടും,മൂന്നും നിലകളിലെ വാടകക്കാർ കോണിപ്പടിയിലൂടെ രക്ഷപ്പെട്ടു. ചിലർ അവരുടെ ബാൽക്കണിയിലെ ഗ്രില്ലിൽ കെട്ടിയ കയറിൽ തൂങ്ങി ഇറങ്ങി. ഇടനാഴികൾ പുക നിറഞ്ഞതിനാൽ നാലാം നിലയിൽ താമസിക്കുന്ന ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.” – ഒരു താമസക്കാരൻ പറഞ്ഞു.
ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷം ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സിവിൽ ഡിഫൻസ് സംഘം മൂന്നാം നിലയിലുള്ളവരെ ക്രെയിനുകൾ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി.
കെട്ടിടം സീൽ ചെയ്തു
കെട്ടിടത്തിലെ ഫ്ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അധികൃതർ സീൽ ചെയ്തിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊരിടത്ത് താമസിക്കാനാണ് അധികൃതരുടെ നിർദേശം. “ഞായറാഴ്ച ഞങ്ങളുടെ വീടുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ,” ഒരു താമസക്കാരൻ പറഞ്ഞു.
സുരക്ഷാ അഭാവം
കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിക്കുകയും, 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്ക് പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും മരിച്ചിട്ടുണ്ട്. കൂടാതെ പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്.
വീഡിയോ കാണുക..
A fire has broken out in Umm Ramool at 4:45 pm on Friday pic.twitter.com/owHKfrmOVy
— Lovin Dubai | لوڤن دبي (@lovindubai) April 14, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273