700-ഓളം മോഷണം, ബിഗ് ബോസ് താരം; ബണ്ടിചോര്‍ വീണ്ടും ‘കളത്തില്‍’, പിന്തുടര്‍ന്ന് പിടിച്ച് പോലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പിടിയില്‍. ഡല്‍ഹിയിലെ രണ്ടുവീടുകളില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് ഇത്തവണ ഡല്‍ഹി പോലീസാണ് ബണ്ടിചോറിനെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ അഞ്ഞൂറുകിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയതെന്നും മോഷ്ടിച്ച കാറും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും ഇയാളില്‍നിന്ന് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

രാജ്യത്തെ വിവിധഭാഗങ്ങളിലായി 700-ഓളം മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോറിന്റെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിങ് എന്നാണ്. സൂപ്പര്‍ചോര്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. കേരളത്തിലെ മോഷണക്കേസില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ബണ്ടിചോര്‍ ജയില്‍മോചിതനായത്. തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് വീണ്ടും മോഷണം തുടരുകയായിരുന്നു.

വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ രണ്ടിടങ്ങളില്‍ മോഷണം നടന്നത്. മൂന്ന് മൊബൈല്‍ഫോണുകള്‍, പഴ്‌സ്, രണ്ട് ലാപ്‌ടോപ്പുകള്‍, ബ്രാന്‍ഡഡ് ഷൂസുകള്‍, വാച്ച് എന്നിവയും മാരുതി ബലേനോ കാറുമാണ് ഒരുവീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്തുനിന്ന് അഞ്ച് ടി.വി.കളും സെറ്റ് ടോപ്പ് ബോക്‌സുകളും പ്രിന്ററും മോഷണം പോയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ രണ്ടിടങ്ങളിലെയും മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരാളാണെന്ന് പോലീസിന് വ്യക്തമായി. തൊപ്പി ധരിച്ച മധ്യവയസ്‌കനാണ് മോഷണം നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചു.

 

ഡല്‍ഹി സൗത്ത് ഡി.സി.പി. ചന്ദന്‍ചൗധരിയുടെ മേല്‍നോട്ടത്തില്‍ എ.സി.പി. മനു ഹിമാന്‍ഷു, എസ്.എച്ച്.ഒ. റിതേഷ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. വിവിധയിടങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചതോടെ മോഷ്ടിച്ച കാര്‍ സഞ്ചരിച്ച വഴികള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഈ വഴിക്ക് പോലീസ് സംഘവും വാഹനങ്ങളില്‍ കുതിച്ചു. ഇതിനിടെ, മോഷ്ടിച്ച മൊബൈല്‍ഫോണുകളില്‍ ഒരെണ്ണം സ്വിച്ച് ഓണ്‍ ആയിരുന്നു. ഈ ലൊക്കേഷന്‍ പരിശോധിച്ചതോടെ ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ഹൈവേയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം 150 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് നീങ്ങി.

 

 

ഇതിനിടെ കാറിന്റെ ഫാസ്ടാഗ് സംവിധാനവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ടോള്‍ ബൂത്തുകള്‍ കടക്കുമ്പോള്‍ ഫാസ്ടാഗില്‍നിന്ന് പണം കുറയുന്നതിന്റെ സന്ദേശം അതാതുസമയത്തുതന്നെ പോലീസിനും ലഭിച്ചു. നേപ്പാള്‍ അതിര്‍ത്തി ലക്ഷ്യമാക്കിയാണ് വാഹനം പോകുന്നതെന്ന് വ്യക്തമായതോടെ പോലീസ് സംഘം ഈ വഴി നീങ്ങി. ഉത്തര്‍പ്രദേശിലെ ഏട്ടായില്‍വെച്ച് പോലീസ് സംഘം ബണ്ടിചോര്‍ സഞ്ചരിക്കുന്ന കാര്‍ കണ്ടെത്തിയെങ്കിലും ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു. തുടര്‍ന്ന് കിലോമീറ്ററുകള്‍ നീണ്ട ചേസിങ്ങിനൊടുവില്‍ കാന്‍പുരിലെ ദെഹാത്തില്‍വെച്ച് പോലീസ് സംഘം ബണ്ടിചോറിന്റെ വാഹനത്തെ മറികടക്കുകയും കുറുകെയിട്ട് തടയുകയുമായിരുന്നു. തൊട്ടുപിന്നാലെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു. കാറില്‍നിന്ന് മാക്ബുക്ക് അടക്കം രണ്ട് ലാപ്പ്‌ടോപ്പുകള്‍, റാഡോ വാച്ച് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബണ്ടിചോറിന്റെ ഫോട്ടോ പതിച്ച ഡല്‍ഹി പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു.

 

ഒട്ടേറെ തവണ പോലീസിന്റെ പിടിയിലാവുകയും അതുപോലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്ത ഹൈടെക്ക് മോഷ്ടാവാണ് ബണ്ടിചോര്‍. ആഡംബരജീവിതം ഏറെ ഇഷ്ടപ്പെടുന്ന ഇയാള്‍ ഒരുമിനിറ്റിനുള്ളില്‍ സ്വയം കൈവിലങ്ങ് അഴിച്ച് രക്ഷപ്പെട്ട സംഭവവമുണ്ടായിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിചോറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ‘ഒയേ ലക്കി ലക്കി ഒയേ’ എന്ന പേരില്‍ ബോളിവുഡ് സിനിമയും പുറത്തിറങ്ങിയിരുന്നു. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലും ഇയാള്‍ മത്സരാര്‍ഥിയായിരുന്നു. 2010-ലെ ബിഗ്‌ബോസിലാണ് ബണ്ടിചോറും മത്സരാര്‍ഥിയായി എത്തിയത്. എന്നാല്‍ അവതാരകനായ സല്‍മാന്‍ ഖാനോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ബണ്ടിചോറിനെ ഷോയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

കേരളത്തിലും ബണ്ടിചോറിനെതിരേ കേസുകളുണ്ട്. മുട്ടടയിലെ വീട്ടില്‍നിന്ന് കാറും ലാപ്പ്‌ടോപ്പും മോഷ്ടിച്ച കേസില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തു. മുട്ടടയിലെ മോഷണത്തിന് പിന്നാലെ മുങ്ങിയ ഇയാളെ പൂണെയില്‍നിന്നാണ് കേരള പോലീസ് പിടികൂടിയത്.

 

വീഡിയോ കാണാം…

 

പത്ത് വർഷം മുമ്പ് തിരുവനന്തപുരത്ത് നടത്തിയ മോഷണക്കുറ്റത്തിൽ പൂനെയിൽ നിന്ന് കേരള പോലീസ് പിടികൂടുന്നു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!