16 കോച്ചുകളുള്ള തിരുവനന്തപുരം-കണ്ണൂര്‍ ട്രെയിന്‍; വിഷുക്കൈനീട്ടമായി വന്ദേഭാരത് കേരളത്തിലെത്തി, പാലക്കാട് റെയിൽവെ സ്റ്റേഷനിൽ സ്വീകരണം

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍നിന്ന് കേരളത്തിലെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിന് സ്വീകരണം നൽകി. 16 കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്. രാവിലെ 11.40-ഓടെ പാലക്കാട് എത്തിയ ട്രെയിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്‌. ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍ ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്‌.

തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.

മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ഈ വേഗം സാധ്യമല്ല. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏറെക്കാലമായി നടത്തിവരുന്നുണ്ട്. തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയില്‍ 100 കിലോ മീറ്റര്‍ വേഗതയിലാണ് നിലവില്‍ സഞ്ചരിക്കാനുള്ള സാഹചര്യമുള്ളത്. കോട്ടയം വഴി പോകുന്ന വന്ദേഭാരതിന് കായംകുളം മുതല്‍ എറണാകുളം വരെ 90 കിലോ മീറ്റര്‍ വേഗതയിലെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോ മീറ്റര്‍ വേഗതയിലും ഷൊര്‍ണൂര്‍ പിന്നിട്ടാല്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗവും കൈവരിക്കും. 52 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറ് കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ട്രെയിന് സാധിക്കും.

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയില്‍ 500 കിലോ മീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസുകള്‍ യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോള്‍, ഈ ദൂരം പിന്നിടാന്‍ ആറര മണിക്കൂറോളം എടുത്തേക്കാം. പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ മറ്റ് ട്രെയിനുകളുടെ സര്‍വീസ് അതിനനുസരിച്ച് ക്രമീകരിക്കും. ചെയര്‍ കാര്‍, എക്കണോമി എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക. ചെയര്‍ കാറിന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് 1400 രൂപയ്ക്ക് അടുത്തായിരിക്കും നിരക്കെന്നാണ് സൂചന. ഇക്കണോമിയില്‍ ഇത് 2500 രൂപയോളമാകാം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിന് മുമ്പായി പുറപ്പെടുന്ന രീതിയുള്ള സമയക്രമമാണ് പരിഗണിക്കുന്നത്‌.

ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരതാണ് കേരളത്തിന് അനുവദിക്കപ്പെടുന്നത്. എക്സിക്യുട്ടീവ് കോച്ചില്‍ 180 ഡിഗ്രിവരെ തിരിയാന്‍ പാകത്തിലുള്ള സീറ്റുകളാണ് നേരത്തേ അനുവദിച്ച ട്രെയിനുകളില്‍ ഉള്ളത്. പാളം തെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്‌കിഡ് സംവിധാനം ഉണ്ട്. എല്ലാ കോച്ചുകളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിര്‍മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകള്‍, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും. ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിശാലമായിരിക്കും വിന്‍ഡോകള്‍. എക്സിക്യുട്ടീവ് ക്ലാസില്‍ സെമി സ്ലീപ്പര്‍ സീറ്റുകളുണ്ടാവും. എല്‍.ഇ.ഡി. ലൈറ്റിങ്, വിമാനമാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയുണ്ടാവും.

പരീക്ഷണ ഓട്ടത്തിന് ശേഷമേ എത്ര സമയം വേണ്ടി വരും കൃത്യമായി ഓടിയെത്താന്‍ എന്നും അതിനനുസരിച്ച് സ്‌റ്റോപ്പുകളും അന്തിമമായി നിശ്ചയിക്കുകയുള്ളൂവെന്ന് ബി.ജെ.പി. നേതാവും റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കാസര്‍കോട്ടേക്കോ മംഗലാപുരത്തേക്കോ സര്‍വീസ് നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!