ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്: ‘പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല ഞങ്ങൾ’; പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി ലോകായുക്ത തള്ളി. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി. കേസ് ഇന്ന് മൂന്നു മണിക്ക് ഫുൾ ബഞ്ച് പരിഗണിക്കും.
ദുരിതാശ്വാസനിധി കേസിലെ നിയമസാധുത നേരത്തെ ലോകായുക്ത പരിശോധിച്ചതാണെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ലോകായുക്തയ്ക്ക് തീരുമാനം എടുക്കാമെന്ന് ഇതേ ബെഞ്ചിന്റെ വിധിയുണ്ട്. നിർഭാഗ്യവശാൽ, ദുരിതാശ്വാസ നിധിക്കേസിലെ വിധിയിൽ അതു പരാമർശിച്ചിട്ടു പോലുമില്ലെന്നും ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി.
അക്കാര്യം എന്തിനു വിധിയിൽ പരാമർശിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അഭിഭാഷകനോട് ചോദിച്ചു. മൂന്നംഗ ബെഞ്ച് ദുരിതാശ്വാസനിധി കേസ് പരിഗണിക്കുമ്പോൾ എല്ലാ വാദമുഖങ്ങളും നിരത്താമെന്നും തെളിവുകൾ പരിശോധിക്കാമെന്നും ലോകായുക്ത പറഞ്ഞു. ദുരിതാശ്വാസനിധിക്കേസിൽ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിലാണ് മൂന്നംഗ ബെഞ്ചിനു വിട്ടത്. രണ്ടു ജഡ്ജിമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം വന്നാൽ മുന്നംഗ ബെഞ്ചിനു വിടണമെന്ന് ലോകായുക്ത നിയമം പറയുന്നുണ്ട്. ഓരോരുത്തരുടെയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കേണ്ട കാര്യമില്ല. മൂന്നംഗ ജഡ്ജിമാർ വാദം കേൾക്കുമ്പോൾ ഭൂരിപക്ഷ അഭിപ്രായം ബാധകമാകുമെന്നും വാദിഭാഗം അന്വേഷണവുമായി സഹകരിക്കണമെന്നും ഉപലോകായുക്ത പറഞ്ഞു.
ദുരിതാശ്വാസനിധിക്കേസ് ഫയലിൽ സ്വീകരിക്കുന്നതിനു മുൻപാണ് കേസിന്റെ നിലനിൽപ്പ് അംഗീകരിച്ചതെന്ന് ലോകായുക്ത വ്യക്തമാക്കി. അത് പ്രാഥമിക ഘട്ടം മാത്രമാണ്. വിശദമായ വാദങ്ങൾക്കു ശേഷമാണ് മൂന്നംഗ ബെഞ്ചിനു വിടാൻ തീരുമാനിച്ചത്. പ്രാഥമിക ഘട്ടത്തിലെ വിധി ഈ ബെഞ്ചിന് ബാധകമല്ല. ആ തീരുമാനം കുറ്റാരോപിതരുടെ മേൽ അടിച്ചേൽപിക്കാൻ കഴിയില്ല. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരെ കാത്തിരിക്കണമെന്നും ലോകായുക്ത വ്യക്തമാക്കി. വിധി വൈകിപ്പിച്ചത് മനഃപൂർവമല്ലെന്നും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഒന്നും രണ്ടും വർഷം കഴിഞ്ഞ് വിധി വന്നിട്ടുണ്ടെന്നും ഇതു ചരിത്ര വിധി ഒന്നുമല്ലെന്നും ഉപലോകായുക്ത ഹാറുൺ അൽ റഷീദ് പറഞ്ഞു. പറഞ്ഞു. ഒരു വർഷം മുൻപേ ഇക്കാര്യങ്ങൾ പറയാമായിരുന്നില്ലേ എന്ന വാദി ഭാഗം അഭിഭാഷകന്റെ വാദത്തിനായിരുന്നു മറുപടി.
ആരെയെങ്കിലും പേടിച്ച് ഉത്തരവ് എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്ന ആളുകളല്ല തങ്ങളെന്ന് ലോകായുക്ത വ്യക്തമാക്കി. ‘ഹർജിക്കാരൻ വിമർശിച്ചെന്നു കരുതി അത് കേസിനെ ബാധിക്കില്ല. പേടിയോ പ്രീതിയോ ഇല്ല. മൈക്ക് കെട്ടി പ്രസംഗിക്കാൻ ജഡ്ജുമാർക്ക് കഴിയില്ല എന്നത് ദൗർബല്യമാണ്. ദുഖവെള്ളി കഴിഞ്ഞതുകൊണ്ടു ഒരു കാര്യം പറയാം,കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല’–ലോകായുക്ത പറഞ്ഞു. സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി ഹാജരായി.
കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്‍റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറിന്റെ റിവ്യൂ ഹര്‍ജിയിലെ ആവശ്യങ്ങള്‍. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ച ശേഷമാണ് കേസ് വാദത്തിനെടുത്തതെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് 2019ലാണ് ആർ.എസ്.ശശികുമാർ ലോകായുക്തയിൽ പരാതി നൽകിയത്. ഒരു വർഷത്തിനുശേഷവും വിധി വരാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയ്ക്കു പരാതി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകി അടുത്തയാഴ്ച കേസ് മൂന്നംഗ ബഞ്ചിനു വിട്ട് ഉത്തരവിറങ്ങി. എൻസിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം രൂപ അനുവദിച്ചതും ചെങ്ങന്നൂര്‍ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാൻ 8.5 ലക്ഷം രൂപ അനുവദിച്ചതും കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: ദുരിതാശ്വാസ നിധി ദുർവിനിയോഗം: മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?, കടുത്ത വിമർശനവു