ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദർശനം കൊണ്ട് നിലപാടിന് മാറ്റമുണ്ടാകില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ

ബിജെപിയോടുള്ള നിലപാടിൽ ക്രൈസ്തവ സഭകൾക്കിടയിൽ ഭിന്നത പ്രകടമായി. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്താണ് മുരളീധരൻ എത്തിയത്. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുക എന്ന ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദർശനം.

ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് വി. മുരളീധരൻ ലത്തീൻസഭ ആസ്ഥാനത്ത് എത്തിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുരളീധരനെ സ്വീകരിച്ചു. അരമണിക്കൂറോളം സംസാരിച്ച ശേഷമാണ് മടങ്ങിയത്. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് ആശംസയുമായെത്തിയത് ബിജെപി ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയാണ്. ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് തുടങ്ങിയവരുമുണ്ടായിരുന്നു. ബിജെപിയോടുള്ള തലശ്ശേരി അതിരൂപതയുടെ നിലപാട് പ്രതീക്ഷയുളവാക്കുന്നതാണെന്ന് പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.

 

ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

 

എന്നാൽ ഈസ്റ്റർ ദിനത്തിലെ പളളി സന്ദർശനം കൊണ്ട് ബി.ജെ.പിയോടുളള ക്രൈസ്തവരുടെ നിലപാടിന് മാറ്റമുണ്ടാകില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പിയും ആർ.എസ്.എസും അത് പരസ്യമായി പറയണം. അല്ലാത്ത കാലത്തോളം ബി.ജെ.പിയുടെ വാക്കുകളെ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി അനുകൂല രാഷ്ട്രീയ നിലപാടുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന സർക്കാരുകളെയാണ് അവർ പിന്തുണയ്ക്കുക. കോൺഗ്രസ് വളരണമെങ്കിൽ പാർട്ടിയോടുള്ള പ്രതിബദ്ധത നേതാക്കൾക്ക് ഉണ്ടാകണം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ പ്രതികരണം.

ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണ്. ജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും വികസനവും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന സർക്കാറുകളോട് സ്വാഭാവികമായിട്ടും ആകർഷണമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിൽ വിജയിക്കുന്നുണ്ട്- ആലഞ്ചേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ സമൂഹത്തെ ഒപ്പംനിർത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ബലം നൽകുന്നതാണ് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!