കേരളത്തിലും കോവിഡ് വർധിക്കുന്നു; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’. ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും വാർത്തയാകുന്നു
കേരളത്തിൽ ശനിയാഴ്ച 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അഡ്മിഷന്‍ കേസുകള്‍ ചെറുതായി കൂടുന്നുണ്ട്. എങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മോക്ഡ്രില്‍ നടത്തുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പ്രായമുള്ളവരേയും കിടപ്പ് രോഗികളെയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ്. വീട്ടില്‍നിന്നു പുറത്തു പോകാത്ത 5 പേര്‍ക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. മറ്റു സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.
എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുന്നതാണ്. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. അവര്‍ക്ക് കോവിഡ് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
അതേ സമയം ഇന്ത്യയിലെ കോവിഡ് വർധന അറബ് മാധ്യമങ്ങളിലും പ്രധാന വാർത്തയായി. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് മരണം രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. ഇതോടെയാണ് പ്രധാന അറബ് മാധ്യമങ്ങളിൽ ഇന്ത്യയിലെ കോവിഡ് വർധന വാർത്താ പ്രാധാന്യം നേടിയത്. 6050 പേർക്കാണ് വെള്ളിയാഴ്ച പുതിയതായി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കേസുകൾ വർധിച്ച് തുടങ്ങിയതോടെ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം അവസാനം മുതൽ പ്രതിദിന കേസുകൾ ഏകദേശം 2,000 ആയിരുന്നു. എന്നാൽ ഇത് മൂന്നിരട്ടിയായാണ് ഇപ്പോൾ വർധിച്ചതെന്നും അറബ് മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273