ഹോട്ടല്‍മുറിയില്‍ 54-കാരൻ്റെ മൃതദേഹം, ക്ഷമചോദിച്ച് കുറിപ്പും; സംഭവം കൊലപാതകമെന്ന് പൊലീസ്, കൊന്നത് ഒപ്പമെത്തിയ യുവതി, ഹണിട്രാപ്പ്

ന്യൂഡല്‍ഹി: ഹോട്ടല്‍മുറിയില്‍ 54-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹരിയാണ പാനിപത്ത് സ്വദേശിയായ ഉഷ(29)യെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണെന്നും ഒട്ടേറെപേരെ ഹണിട്രാപ്പില്‍ കുടുക്കി കൊള്ളയടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

മാര്‍ച്ച് 31-ാം തീയതിയാണ് ദീപക് സേഥിയെ സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്നനിലയിലായിരുന്നു മൃതദേഹം. 30-ാം തീയതി രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തത്. ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ യുവതി ഹോട്ടലില്‍നിന്ന് മടങ്ങി. പിറ്റേദിവസം ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നാകാം ദീപക് സേഥി മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെ, ഹോട്ടലിലെത്തിയ യുവതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. തുടര്‍ന്ന് യുവതി ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വ്യാപാരികള്‍ അടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി ഇവരുടെ പണവും കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതാണ് ഉഷയുടെ പതിവുരീതിയെന്നാണ് പോലീസ് പറയുന്നത്. അഞ്ജലി, നിക്കി, നികിത തുടങ്ങിയ പേരുകളിലാണ് യുവതി മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഇവരെക്കൊണ്ട് ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുപ്പിക്കും. ഇതിനുപിന്നാലെ മയക്കുമരുന്ന് നല്‍കിയശേഷം ഇവരെ കൊള്ളയടിച്ച് മുറിയില്‍നിന്ന് രക്ഷപ്പെടുകയാണ് യുവതി ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.

യുവതി ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് ഈ സിംകാര്‍ഡ് സ്വന്തമാക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പക്ഷേ, മാര്‍ച്ച് 23-ന് സിം റീച്ചാര്‍ജ് ചെയ്‌തെന്ന വിവരം ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ശാന്ത്ഘട്ട് മേഖലയില്‍നിന്നാണ് സിം റീച്ചാര്‍ച്ച് ചെയ്തിട്ടുള്ളതെന്നും ഇവിടെയുള്ള ഒരു നൈജീരിയക്കാരനാണ് അന്നേദിവസം ഈ നമ്പറില്‍ റീച്ചാര്‍ജ് ചെയ്തുനല്‍കിയതെന്നും വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

തന്റെ ലിവ്-ഇന്‍ പങ്കാളിയായ മധുമിതയുടെ സുഹൃത്തായ നിക്കിയുടെ നമ്പറിലാണ് റീച്ചാര്‍ജ് ചെയ്തുനല്‍കിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും നോയിഡല്‍നിന്ന് യുവതിയെ പിടികൂടുകയുമായിരുന്നു.

മാര്‍ച്ച് 30-ാം തീയതി രാത്രി ദീപക് സേഥിയുമായി ഹോട്ടലില്‍ മുറിയെടുത്ത യുവതി, അര്‍ധരാത്രി 12.24-ഓടെയാണ് ഹോട്ടലില്‍നിന്ന് മടങ്ങിയത്. വ്യാപാരിയ്ക്ക് മയക്കുമരുന്ന് നല്‍കിയശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 1100 രൂപയും ആഭരണങ്ങളും പ്രതി കൈക്കലാക്കിയിരുന്നു. മോഷണം നടത്തിയതിന് ക്ഷമ ചോദിച്ചുള്ള ഒരു കുറിപ്പും മുറിയിലുണ്ടായിരുന്നു. ‘നിങ്ങള്‍ നല്ലൊരു വ്യക്തിയാണ്. സോറി, സോറി. നിര്‍ബന്ധിതയായതിനാലാണ് ഞാന്‍ ഇതെല്ലാം ചെയ്തതെന്ന് മനസിലാക്കണം. എന്നോട് ക്ഷമിക്കണം’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

അറസ്റ്റിലായ ഉഷ 2022-ല്‍ ഹരിയാണയില്‍ മറ്റൊരു കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ജയിലില്‍വെച്ചാണ് മധുമിതയെ പരിചയപ്പെട്ടത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മധുമിതയ്‌ക്കൊപ്പം ശാന്ത്ഘട്ടില്‍ താമസം തുടങ്ങി.

കൊല്ലപ്പെട്ട ദീപക് സേഥിയെ മധുമിതയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മധുമിതയാണ് ദീപക് സേഥിയെ ഉഷയ്ക്ക് പരിചയപ്പെടുത്തിനല്‍കിയത്. തുടര്‍ന്ന് മാര്‍ച്ച് 30-ാം തീയതി ഉഷയും ദീപക്കും കൊണാട്ട്‌പ്ലേസിലെ മെട്രോ സ്‌റ്റേഷനില്‍വെച്ച് കാണുകയും ഇവിടെനിന്ന് ഹോട്ടലിലേക്ക് വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം, ദീപക്കിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു പ്രതിയുടെ മൊഴി. കവര്‍ച്ച നടത്താന്‍ മാത്രം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് നല്‍കിയതെന്നും ഇതിന് ക്ഷമ ചോദിച്ചാണ് കുറിപ്പെഴുതി മുറിയില്‍വെച്ചതെന്നും യുവതി പറഞ്ഞു. ദീപക്കിന്റെ കാണാതായ ബാഗും ആഭരണങ്ങളും മൊബൈല്‍ഫോണും പോലീസ് പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!