സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടി; നാല് പ്രവാസികള്‍ക്ക് ശിക്ഷ
പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ ഇലക്ട്രോണിക്സ് കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ നൈഫ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. ഇലക്ട്രോണിക്സ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാന ഓഫീസിലായിരുന്നു മോഷണം നടന്നത്. കമ്പനി ഉടമയാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ദുബൈ പൊലീസിലെ സിഐഡി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് മൂന്ന് പ്രവാസികള്‍ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയത്. പണം സൂക്ഷിച്ചിരുന്ന സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയും അതില്‍ ഉണ്ടായിരുന്ന 7,09,000 ദിര്‍ഹം എടുത്തു കൊണ്ടുപോവുകയുമായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കമ്പനി ഉടമ സ്ഥലത്തെത്തി. താന്‍ എത്തുമ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് ഉടമ നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മറ്റൊരു എമിറേറ്റിലുള്ള ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തുു. ആറ് ലക്ഷം ദിര്‍ഹം ആ സമയം ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് മോഷ്ടിച്ച പണമാണെന്ന് പ്രതികള്‍ സമ്മതിച്ചു. പ്രതികളില്‍ രണ്ട് പേര്‍ സഹോദരങ്ങളുമായിരുന്നു.
തങ്ങള്‍ മോഷണത്തിനായി തെരഞ്ഞെടുത്ത ഇലക്ട്രോണിക്സ് കമ്പനിയില്‍ ചില തിരിമറികള്‍ നടക്കുന്നുണ്ടെന്ന് മറ്റൊരാളാണ് തങ്ങളോട് പറഞ്ഞതെന്നും കുറച്ച് ദിവസം പരിസരം നിരീക്ഷിച്ച ശേഷം മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മോഷണത്തിന് പ്രേരിപ്പിച്ചയാള്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്കൊപ്പവും ഇയാള്‍ ഉണ്ടായിരുന്നില്ല. ഇയാളെ കേസിലെ നാലാം പ്രതിയാക്കി.
കഴിഞ്ഞ ദിവസം കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, നാല് പ്രതികള്‍ക്കും രണ്ട് വര്‍ഷം വീതം ജയില്‍ ശിക്ഷയും മോഷ്ടിച്ചെടുത്ത 7,09,000 ദിര്‍ഹത്തിന് തുല്യമായ തുക പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. ഇനിയും അറസ്റ്റിലാവാനുള്ള നാലാമത്തെ പ്രതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു വിചാരണയും ശിക്ഷാ വിധിയും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273