നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന

ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകളുടെയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം സതേണ്‍ ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും മുഹറഖിലും ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി. കടകളിലും ജോലി സ്ഥലങ്ങളിലും ഉള്‍പ്പെടെ എത്തി അവിടങ്ങളില്‍ ജോലി ചെയ്യുന്നവരോട് രേഖകള്‍ ആവശ്യപ്പെടുകയും അത് ഔദ്യോഗിക രേഖകളുമായി പരിശോധിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലൂടെ നിരവധി നിയമ ലംഘനങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പുറമെ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെയും പരിശോധനകളില്‍ കണ്ടെത്തുന്നുണ്ട്. കേസുകള്‍ തുടര്‍ നിയമനടപടികള്‍ക്കായി കൈമാറുകയാണ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് പോലുള്ള മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘങ്ങളിലുണ്ട്.

രാജ്യത്തെ തൊഴില്‍ വിപണിയിലുള്ള നിയമവിരുദ്ധമായ പ്രവണതകള്‍ക്ക് തടയിടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികള്‍ക്ക് പൊതുജനങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‍സൈറ്റായ www.lmra.gov.bh വഴിയോ അല്ലെങ്കില്‍ 17506055 എന്ന നമ്പറിലൂടെ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടോ വിവരം നല്‍കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!