മീഡിയവൺ വിലക്ക്: മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചരിത്ര വിധി – ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം
ജിദ്ദ: മീഡിയവൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നമായ ചരിത്ര വിധിയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസ്താവനയിലൂടെ അറിയിച്ചു.
ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സമൂഹത്തിന്റെ ഉത്തരവാദിത്വപൂർണമായ പ്രവർത്തനത്തിൽ സ്വതന്ത്ര മാധ്യമങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്നും, അധികാരത്തിലുള്ളവരോട് സത്യം തുറന്നുപറയലാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും, എതിർപ്പിന്റെ പക്ഷങ്ങളെ വ്യവസ്ഥക്കെതിരായി മുദ്രകുത്താനാകില്ലെന്നുമുള്ള പരമോന്നത കോടതിയുടെ നിരീക്ഷണങ്ങൾ പ്രസക്തമാണ്.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ അധികാര വർഗ്ഗത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണമെന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. നൂറ് കണക്കിന് മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ പ്രത്യേകിച്ച് കാരണമൊന്നും ബോധിപ്പിക്കാനില്ലാതെ ഒരു സുപ്രഭാതത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. പരമോന്നത കോടതി വിധി കേവലം മീഡിയവൺ ചാനലിന്റെ നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതല്ല, രാജ്യത്ത് സത്യവും നീതിയും ഭരണഘടന സ്വാതന്ത്ര്യവുമെല്ലാം അതിന്റെ ഏറ്റവും പരമോന്നത നിലയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും സംവിധാനങ്ങളുടെയും ശുഭപ്രതീക്ഷയെ ആവോളം ഉയർത്തിപ്പിടിക്കുന്ന വിധിയാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ, ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273