മോദി എത്താനിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷനെ വലിച്ചിഴച്ച് തെലങ്കാന പൊലീസ്; പ്രതിഷേധം – വീഡിയോ

പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി തെലങ്കാന പൊലീസ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിവാദം പുകയുന്നതിനിടെയാണു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ ബിജെപി നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിച്ചു.

കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സഞ്ജയ് കുമാറിനെ ഒന്നിനു പുറകെ ഒന്നായി പൊലീസ് സ്റ്റേഷനുകൾ മാറ്റി പാർപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നു. അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ചോദ്യമുയർന്നു. സംസ്ഥാന അധ്യക്ഷനെ അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച ബിജെപി നേതൃത്വം, ഇതിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണ് ഉള്ളതെന്നു വ്യക്തമാക്കണമെന്നും തെലങ്കാന പൊലീസിനോടു നിർദ്ദേശിക്കാൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, അദ്ദേഹത്തിനെതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്തായി. കരുതൽ തടങ്കലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇതിലുള്ളത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി നിലപാട്.

ബിജെപിയും തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് തെലങ്കാന പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയം. ഇവിടെയെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഇതിനു പുറമെ ബഹുജന റാലിയിലും പങ്കെടുക്കും.

ചൊവ്വാഴ്ച രാത്രി സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് തെലങ്കാന പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു. എതിർത്തുനിന്ന സഞ്ജയ് കുമാറിനെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഞ്ജയ് കുമാറിന്റെ അനുയായികൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് വീടിനു പുറത്ത് സംഘർഷമുണ്ടായി. ബിആർഎസിന്റെയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെയും നിത്യവിമർശകനാണ് സഞ്ജയ് കുമാർ.

 

 

2014ൽ ആന്ധ്രപ്രദേശ് വിഭജിച്ച് രൂപീകൃതമായ തെലങ്കാനയിൽ, രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടി ബിജെപി ബിആർഎസിനെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കി. ബിആർഎസിനെയും ചന്ദ്രശേഖർ റാവുവിനെയും എതിർത്ത് ഇവിടെ പടിപടിയായി വളരാനാണ് ബിജെപിയുടെ നീക്കം.

ഇതിന്റെ ഭാഗമായി ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെ റാവുവിന്റെ മകൾ കവിതയെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കുരുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ബിആർഎസ് ബിജെപിക്കെതിരെയും ഉയർത്തുന്നുണ്ട്. ഇരു കൂട്ടർക്കുമിടയിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കസ്റ്റഡിയിലായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!