ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: സമ്മാനം നൽകിയത് വധുവിൻ്റെ മുൻ കാമുകൻ

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് വധുവിന്റെ മുൻ കാമുകനെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനിടെയാണു ഹേമേന്ദ്ര വിവാഹം കഴിച്ച ഇരുപത്തൊൻപതുകാരിയുമായി സർജു അടുപ്പത്തിലായത്. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതിൽ കുപിതനായ സർജു, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങിയ സർജു, അതിൽ രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചശേഷം സമ്മാനമായി നൽകിയെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്.

മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്. അവിടെ പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു സർജുവിന്റെ ജോലി. ഈ പരിചയം വച്ചാണ് ഇയാൾ സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചതും ബോംബ് നിർമിച്ചതും.

മാർച്ച് 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത സർജു, വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. ആരാലും തിരിച്ചറിയപ്പെടാതെ വിവാഹ വേദിയിൽനിന്ന് മുങ്ങുകയും ചെയ്തു. വിവാഹത്തിനുശേഷം മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങൾ സമ്മാനപ്പൊതി തുറന്നത്. ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച നവവരൻ ഹേമേന്ദ്ര, അത് പ്ലഗിൽ കണക്ട് ചെയ്ത് സ്വിച്ചിട്ടതിനു പിന്നാലെ വൻ ശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും സഹോദരൻ രാജ്കുമാർ ആശുപത്രിയിലും മരിച്ചു. ഇവരുടെ വീട്ടിലെ ഒന്നര വയസ്സുകാരനായ കുട്ടി ഉൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!