മീഡിയ വണ്‍ വിലക്ക് നീക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി.

മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് കോടതി നീക്കിയത്‌. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത്‌ ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്.സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കി. 2022 നവംബര്‍ മൂന്നിന് വാദം പൂര്‍ത്തിയായ കേസില്‍ ഇന്നാണ് ചരിത്രവിധിയുണ്ടായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!