മുകളിലെ നിലയിൽനിന്ന് തീഗോളം താഴേക്ക്, 2 കാറുകൾ കത്തി; അകത്ത് ആരെങ്കിലും പെട്ടോയെന്ന ആശങ്ക, വിറങ്ങലിച്ചു നാട്

കോഴിക്കോട്: നഗരമധ്യത്തിൽ ഏറ്റവും തിരക്കുള്ള ഭാഗത്തുണ്ടായ തീപിടിത്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഇന്നലെ രാവിലെ ജനങ്ങൾ. രാവിലെ ആറേകാലോടെയാണ് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപിടിച്ചത്. അതിരാവിലെ ആയതിനാൽ ആളപായമുണ്ടായില്ലെന്നത് ആശ്വാസമായി. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ട് വഴിമാറിയത് വൻദുരന്തമാണ്.വിഷു, ഈസ്റ്റർ, പെരുന്നാൾ സീസൺ പ്രമാണിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങളാണ് തീപിടിത്തത്തിൽ നശിച്ചത്. കോടികളുടെ നഷ്ടമാണുണ്ടായതെന്നു മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.

ആറേകാലോടെയാണ്  സെക്യൂരിറ്റി ജീവനക്കാരൻ പി.സുധാകരൻ മുകളിലെ നിലയിൽനിന്ന് ശബ്ദം കേട്ടത്. ഏതാനും നിമിഷങ്ങൾക്കകം തീ പുറത്തേക്കു കണ്ടു. അഗ്നിരക്ഷാസേനയെ അറിയിച്ചതോടെ 5 മിനിറ്റിനകം ആദ്യയൂണിറ്റ് സ്ഥലത്തെത്തി.ഇതിനിടെ മുകളിലെ നിലയിൽനിന്ന് ഫ്ലെക്സും മറ്റും ഉരുകി തീപിടിച്ച് തീഗോളമായി താഴേക്ക് വീണത് സുധാകരന്റെ കൺമുന്നിലായിരുന്നു. ഇതു വന്നുവീണു 2 കാറുകൾ ഏതാനും നിമിഷങ്ങൾകൊണ്ടു കത്തി. അകത്ത് ആരെങ്കിലും പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലായിരുന്നു അഗ്നിരക്ഷാസേനയും നാട്ടുകാരും. രാവിലെ എട്ടോടെ മാത്രമേ ജീവനക്കാർ എത്താറുള്ളൂ എന്നതിനാൽ ആളപായമുണ്ടായിട്ടില്ലെന്നു സ്ഥിരീകരിച്ചു.

കെട്ടിടത്തിനകത്ത് പുക നിറഞ്ഞതിനാൽ അകത്തേക്ക് കയറാൻ ബുദ്ധിമുട്ടായിരുന്നു. അഗ്നിരക്ഷാ വാഹനങ്ങൾ ആനിഹാൾ റോഡിലെ മതിലിനോടു ചേർത്തു നിർത്തിയാണ് കെട്ടിടത്തിലേക്കു വെള്ളം ചീറ്റിച്ചത്. ഈ വശത്ത് എറ്റവും മുകൾനിലയിലെ ചില്ലുകൾ തകർത്ത് അകത്തുകടന്നു വെള്ളം ചീറ്റിച്ച് തീയണച്ചു.

തുണിത്തരങ്ങളും പ്ലാസ്റ്റിക്കും കടലാസും കത്തിയുണ്ടായ പുക അഗ്നിരക്ഷാസേനാംഗങ്ങളെ ബുദ്ധിമുട്ടിലാക്കി. തീപിടിത്തതിൽ ദുരൂഹതയുണ്ടെന്നു സംഭവസ്ഥലം സന്ദർശിച്ച മേയർ ബീന ഫിലിപ് പറഞ്ഞു. എന്നാൽ ദുരൂഹതകളില്ലെന്നും ഷോർട് സർക്യൂട്ടായിരിക്കാം കാരണമെന്നുമാണ് അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം.    തീപിടിത്തതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നു ജില്ലാ ഫയർ ഓഫിസർ കെ.എം.അഷ്റഫ് അലി പറഞ്ഞു.

രണ്ടാം നിലയിലെ ഇലക്ട്രിക്കൽ വയറിങ്, ഡക്റ്റുകൾ, ഫാൾസ് സീലിങ്ങുകൾ എന്നിവയാണ് തീപിടിച്ച് താഴേക്കുവീണത്. ഇതുകൊണ്ടാണ് ഷോർട് സർക്യൂട്ടാണെന്ന നിഗമനത്തിൽ എത്തിയത്. ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി, സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, എസിപിമാരായ പി.ബിജുരാജ്, എ.ജെ.ജോൺസൺ, കൗൺസിലർ പി.കെ.നാസർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് തുടങ്ങിയവരും കെഎസ്ഇബി, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.  മാനാഞ്ചിറ, പാളയം, തളി –ജയ റോഡ് ജംക്‌ഷനുകളിൽ വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ് കല്ലായ് റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!