വിമാന സർവീസുകൾ വെട്ടിക്കുറച്ചു, ഇളവുകൾ നിർത്തലാക്കി; പ്രതിഷേധച്ചൂടിൽ പ്രവാസികൾ
അബുദാബി: പ്രവാസി ഇന്ത്യക്കാരുടെ വിമാന യാത്ര കൂടുതൽ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നടപടിക്കെതിരെ ഗൾഫിൽ പ്രതിഷേധം ശക്തമാകുന്നു. സർവീസുകൾ വെട്ടിക്കുറച്ചും ചൈൽഡ് ഫെയർ നിർത്തലാക്കിയും വിദേശ വിമാനക്കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്താൻ അനുമതി നിഷേധിച്ചതുമെല്ലാം ദുരിതത്തിന് ആഴം കൂട്ടി.
എയർ ഇന്ത്യ ദുബായ്, ഷാർജ സെക്ടറുകളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ പിൻവലിച്ചതിലൂടെ സീറ്റുകൾ കുറഞ്ഞെന്ന് മാത്രമല്ല സ്ട്രെച്ചർ സൗകര്യം കൂടി ഇല്ലാതായത് രോഗികൾക്കും തിരിച്ചടിയായി. എയർ ഇന്ത്യ നിർത്തലാക്കിയതോടെ സീറ്റ് ഹോൾഡ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം, കാർഗോ സൗകര്യം ഇവയും നിലച്ചു. ഇതിനെതിരെ സംയുക്ത പ്രതിഷേധ, പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്നും വിവിധ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയതു മൂലം തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്കു പോകേണ്ട രോഗികളെ കൊച്ചിയിലോ തിരുവനന്തപുരത്തോ ഇറക്കേണ്ട അവസ്ഥയാണ്. ഇതു കൊടുംക്രൂരതയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. പകരം സർവീസ് നടത്തുമെന്ന് പറയുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ സ്ട്രച്ചർ സൗകര്യമില്ല.
പിൻവലിച്ച സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്തെഴുതിയതായി അഷ്റഫ് പറഞ്ഞു. എയർ ഇന്ത്യയിൽ 3 മൃതദേഹം വരെ കൊണ്ടുപോയിരുന്നു. എക്സ്പ്രസിൽ ഒരെണ്ണം മാത്രമേ കൊണ്ടുപോകാനാകൂ. മൃതദേഹം കെട്ടിക്കിടക്കാനും ഇതിടയാക്കുമെന്ന് ആയിരക്കണക്കിന് മൃതദേഹം നാട്ടിലെത്തിച്ച അഷ്റഫ് ചൂണ്ടിക്കാട്ടി.
മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ യാത്ര ദുസ്സഹമാക്കുകയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. കോഴിക്കോട്ടേക്കുള്ള എയർഇന്ത്യയും കൊച്ചിയിലേക്കുള്ള ഡ്രീംലൈനറും നിർത്തലാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയത്തെയും ഇന്ത്യൻ കോൺസുലേറ്റിനെയും സമീപിച്ചിരുന്നു.
സ്വകാര്യ കമ്പനി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാതെ നിവൃത്തിയില്ലെന്നായിരുന്നു മറുപടി. കൂടുതൽ സീറ്റുള്ള വലിയ വിമാനത്തിനു പകരം ചെറിയ വിമാനം ഇട്ടത് നിരക്ക് കൂട്ടാനിടയാക്കി. സീസൺ സമയത്തെ നിരക്കുവർധന കൂടി കണക്കിലെടുത്താൽ അവധിക്കാലത്തെ പ്രവാസികളുടെ യാത്ര കൂടുതൽ ദുരിതപൂർണമാകും. പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ പറഞ്ഞു. നിറയെ യാത്രക്കാരുള്ള സെക്ടറിൽ സർവീസ് വെട്ടിക്കുറച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി.
തീരുമാനം തിരുത്താൻ മറ്റു പ്രവാസി സംഘടനകളുമായി ചേർന്ന് അധികാരികളിൽ സമ്മർദം ചെലുത്തും. ഇന്ത്യ–യുഎഇ സെക്ടറിൽ 50,000 സീറ്റ് വർധിപ്പിക്കണമെന്ന വിദേശ വിമാന കമ്പനികളുടെ ആവശ്യം നിരസിച്ചതും ഖേദകരം. ഇന്ത്യയിൽ ദേശീയ വിമാനക്കമ്പനി ഇല്ലാത്ത സാഹചര്യത്തിൽ വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും യാത്രാക്കൂലി പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രവാസികളെ ഒന്നടങ്കം ബാധിക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് മറ്റു സംഘടനകളുമായി ചേർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് എന്നിവർ പറഞ്ഞു.
സീസൺ ഭേദമന്യേ എല്ലായ്പോഴും നിറയെ യാത്രക്കാരുള്ളതും ഒരിക്കലും നഷ്ടമില്ലാത്തതുമായ സർവീസ് നിർത്തലാക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം പറഞ്ഞു. ഇന്ത്യയ്ക്ക് കോടിക്കണക്കിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളുടെ യാത്ര കൂടുതൽ ആയാസരഹിതമാകാനുള്ള നടപടി കൈക്കൊള്ളണമെന്നും നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
മലബാറിൽ നിന്ന് പിൻവലിച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുക, കേരളത്തിലേക്കു വലിയ വിമാനങ്ങൾ അനുവദിക്കുക, പ്രവാസി മലയാളികളോടുള്ള അവഗണന അവസാനിപ്പിക്കുക, കണ്ണൂരിലേക്ക് വിദേശ വിമാന സർവീസ് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ടാറ്റ സിഇഒയ്ക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകുമെന്ന് വെയ്ക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് മഷൂദ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273