കര്‍ണാടക; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണൽ മേയ് 13ന്. വയനാട്ടില്‍ ധൃതിപിടിച്ച് ഉപതിരഞ്ഞെടുപ്പില്ല
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 13-നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 20-ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 21ന് സൂക്ഷമപരിശോധന. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്.
അതേ സമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. എന്നാൽ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. കര്‍ണാടകയ്‌ക്കൊപ്പം മേയ് 10-നാണ് ഉപതിരഞ്ഞെടുപ്പുകള്‍. 13-ന് വോട്ടെണ്ണും.
ഫെബ്രുവരി വരെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് വയനാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. ധൃതിയില്ല, കാത്തിരിക്കാം, ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യല്‍ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
നേരത്തെ ധൃതിപിടിച്ച് ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വയനാട്ടില്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിന് കമ്മീഷന്‍ തുനിയാതിരുന്നതെന്നാണ് സൂചന. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
ഇതിനിടെ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിക്കുകയും ചെയ്യുകയുണ്ടായി. ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലാണ് അയോഗ്യത പിന്‍വലിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ജനുവരിയില്‍ ഹൈക്കോടതി തടഞ്ഞിരുന്നെങ്കിലും അയോഗ്യത പിന്‍വലിക്കാത്തതിനെതിരെ ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിന്റെ വാദം ഇന്ന് കേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273