ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ്; ദീപക്കിന് 3 വർഷം തടവുശിക്ഷ, സി.ഒ.ടി. നസീറിനും ബിജുവിനും 2 വർഷം, 110 പേരെ വെറുതെ വിട്ടു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാർ. കേസിൽ 88–ാം പ്രതിയായ ദീപക്, 18–ാം പ്രതി സി.ഒ.ടി. നസീർ, 99–ാം പ്രതി ബിജു പറമ്പത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ണൂർ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 113 പ്രതികളിൽ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരിൽ മുൻ എംഎൽഎമാരായ സി.കൃഷ്ണനും കെ.കെ.നാരായണനും ഉൾപ്പെടുന്നു.
അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബർ 27നായിരുന്നു സംഭവം. അന്നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.
ഉമ്മൻചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറിൽ ഉമ്മൻചാണ്ടിക്കു പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി.
കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273