‘അയോഗ്യനാക്കപ്പെട്ട എംപി’: ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി, അയോഗ്യതനടപടി അനുകൂലമാക്കാൻ കോണ്‍ഗ്രസ് നീക്കം

ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ ഔദ്യോഗിക അക്കൗണ്ട് പ്രൊഫൈലില്‍ സ്റ്റാസ് തിരുത്തി രാഹുല്‍ ഗാന്ധി. ‘ഡിസ് ക്വാളിഫൈഡ് എംപി’ എന്നാണ് രാഹുല്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. അയോഗ്യതനടപടി ഉയര്‍ത്തിക്കാട്ടി ജനമധ്യത്തിലേക്കിറങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് സൂചന.

2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം പുറപ്പെടുവിച്ചു.

തുടർന്നാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി തന്റെ ‘അയോഗ്യത’ ട്വിറ്റർ ബയോയിലും ചേർത്തത്. 23 ദശലക്ഷം ആളുകളാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയെ പിന്തുടരുന്നത്. രാഹുലിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ രാഹുലിന്റെ പ്രതിഷേധം.

രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരുന്നു. അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാന്‍ തന്നെയാണ് രാഹുലിന്റേയും ഒരുക്കം. പ്രതിഷേധങ്ങളില്‍ നേതാക്കളുടെ ആഹ്വാനംപോലുമില്ലാതെ പിന്തുണ വര്‍ധിക്കുന്നത് കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.

ലോക്സഭയിൽനിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കിയാലും പ്രശ്നമില്ല, താൻ ജനങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് രാഹുൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ കർത്തവ്യമെന്നും അതുകൊണ്ടു തന്നെ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാനും പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നുണ്ട്. ഇതിനിടെ അപകീര്‍ത്തി കേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ധൃതിപിടിച്ച് കോണ്‍ഗ്രസ് അപ്പീലിന് പോയേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലെടുക്കാനാണ്‌ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്‌.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!