അദാനിയെക്കുറിച്ചുള്ള എൻ്റെ അടുത്ത പ്രസംഗത്തെ മോദി ഭയക്കുന്നു; മാപ്പ് പറയാന്‍ എൻ്റെ പേര് സവര്‍ക്കറെന്നല്ല, ഗാന്ധിയെന്നാണ്’-രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. മാപ്പ് പറഞ്ഞ് വിഷയം അവസാനിപ്പിക്കുമോ എന്ന ഒരു മാധ്യമപ്രതിനിധിയുടെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി ഒരിക്കലും മാപ്പ് പറയില്ലെന്നുമാണ് രാഹുല്‍ മറുപടി നല്‍കിയത്.

രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

‘പാര്‍ലമെന്റില്‍ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്സഭാ സ്പീക്കര്‍ക്ക് താന്‍ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും’ രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20000 കോടി രൂപ ആരുടേതാണ്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്, തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ‘ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു, താന്‍ അത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയെന്നും രാഹുല്‍ പറഞ്ഞു.

‘ഇവര്‍ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി ചെയ്യും. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാനീ രാജ്യത്തിനായി പോരാട്ടം തുടര്‍ന്നും നടത്തും. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്’ രാഹുല്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!