രാഹുലിനെ അയോഗ്യനാക്കേണ്ടത് രാഷ്ട്രപതി; ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ നടപടി തെറ്റെന്ന് ഭരണഘടനാ വിദഗ്ധർ
സൂറത്ത് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ഭരണഘടനാ വിദഗ്ധർ. ഭരണഘടനയുടെ ആർട്ടിക്ൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എം.പിയെ അയോഗ്യനാക്കാനുള്ള അധികാരമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടത്. തുടർന്നാണ് അയോഗ്യനാക്കപ്പെട്ട എം.പി പ്രതിനിധീകരിച്ച ലോക്സഭ മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്സഭ സെക്രട്ടേറിയറ്റിന് പ്രഖ്യാപിക്കാൻ സാധിക്കൂ.
ഭരണഘടനാപരമായ വലിയ പിഴവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ സെക്രട്ടറി ജനറലിന്‍റെ നടപടിയിൽ സംഭവിച്ചിട്ടുണ്ട്. ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കുന്നതാണ്. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും പി.ഡി.ടി ആചാരി മാധ്യമങ്ങളോട് പറഞ്ഞു.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273