തട്ടികൊണ്ടുപോകൽ നാടകം; ഒടുവിൽ പരാതിക്കാരനായ പ്രവാസി തന്നെ കുടുങ്ങി
മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പണം തട്ടിയെന്ന് വ്യാജ പരാതി നല്‍കിയ പ്രവാസി കുടുങ്ങി. ദുബൈയിലാണ് സംഭവം. തന്നെ കാറിന്റെ ഡിക്കിയില്‍ അടച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ കൊണ്ട് പോയെന്നും ഇവിടെ വെച്ച് ഉപദ്രവിക്കുകയും 12,000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്‍തുവെന്നുമായിരുന്നു പരാതി. ഒരു ഏഷ്യക്കാരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരേ നാട്ടുകാരായ മൂന്ന് പേര്‍ക്കെതിരെ ആയിരുന്നു ആരോപണം.
അല്‍ ഖവാനീജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയായിരുന്നു പ്രവാസി പരാതി നല്‍കിയത്. വര്‍സാനില്‍ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്‍ട്രീറ്റില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ട് പോകല്‍ നടന്നതെന്ന് ഇയാളുടെ പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ ട്രക്കിന് മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ അവിടെയെത്തി ആക്രമിച്ചുവെന്നും ഇവര്‍ കൊണ്ടുവന്ന കാറിന്റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് ഉപദ്രവമേല്‍പ്പിക്കുകയും 12,000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്‍തു. ഇതോടെയാണ് പ്രവാസി തനിയെ ഉണ്ടാക്കിയ കഥകളായിരുന്നു എല്ലാമെന്ന് സമ്മതിച്ചത്. പ്രതികളായി ആരോപിച്ചിരുന്നവരുമായി തനിക്ക് ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പ്രതികാരമായി വ്യാജ പരാതി നല്‍കാന്‍ ശ്രമിച്ചതാണെന്നും ഇയാള്‍ പറഞ്ഞു.
പൊലീസിന് വ്യാജ വിവരം നല്‍കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടോടെ ദുബൈ പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ന്ന് ദുബൈ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് വന്നു. സംഭവം വിശദമായി പരിശോധിച്ച കോടതി, വ്യാജ പരാതിക്കാരന് 5000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ വിധി പ്രസ്‍താവിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273