‘തലമുടി കുത്തിപ്പിടിച്ച് ചുമരിൽ ഇടിപ്പിച്ചു’; തലസ്ഥാനത്ത് മരുന്ന് വാങ്ങാനെത്തിയ വനിതക്ക് നേരെ ലൈംഗികാതിക്രമം, നടപടിയെടുക്കാതെ പൊലീസ്

തിരുവനന്തപുരം: നഗരമധ്യത്തിലെ റോഡിൽ രാത്രി വനിതയ്ക്കു നേരെ ലൈംഗികാതിക്രമം. രാത്രി പത്തരയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംക്‌ഷനിലെത്തിയ യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്. പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.  പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ ആശുപത്രിയിൽ ചികിൽസ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇവർക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

വഞ്ചിയൂർ മൂലവിളാകം ജംക്‌ഷനിൽവച്ചാണ് യുവതിയെ ഒരാൾ ഉപദ്രവിച്ചത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ അ‍ജ്ഞാതൻ പിന്തുടരുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്കു കയറ്റി തടഞ്ഞു. ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റു. തൊട്ടടുത്ത വീട്ടിലെ സ്ത്രീകളും കംപ്യൂട്ടർ കടയിലെ സെക്യൂരിറ്റിയും സംഭവം കണ്ടെങ്കിലും സഹായത്തിനെത്തിയില്ല.

ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. അമ്മ ആക്രമിക്കപ്പെട്ടെന്നു പറഞ്ഞെങ്കിലും വിവരങ്ങൾ ചോദിച്ചതല്ലാതെ തുടർ നടപടിയുണ്ടായില്ല. മകളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഇരിക്കുമ്പോൾ സ്റ്റേഷനിലെത്തി മൊഴി നല്‍കാൻ പൊലീസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. ആക്രമണത്തിൽ മൂന്നു ദിവസത്തോളം കാഴ്ചയ്ക്കു ബുദ്ധിമുട്ടുണ്ടായി. പിന്നീടാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!