ലീഗ് MLA – RSSഉമായി ചര്‍ച്ച നടത്തി, കുഞ്ഞാലിക്കുട്ടി ജലീലുമായി ധാരണയിലെത്തി, തങ്ങളെ പെടുത്താന്‍ ശ്രമിച്ചു – ഹംസ

കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം ലീഗ് എം.എൽ.എയുമായി ചർച്ച നടത്തിയെന്ന ആർ.എസ്.എസ്. വെളിപ്പെടുത്തല്‍ ശരിവെച്ച് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെത്തിക്കുകയാണ് ആർ.എസ്.എസ്. ലക്ഷ്യം. ഇതിന് വേണ്ടിയാണ് മലപ്പുറത്തെ ലീഗ് എം.എൽ.എയും ആർ.എസ്.എസ്. നേതൃത്വവും ചർച്ച നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് എം.എൽ.എ ചർച്ചക്ക് പോയതെന്നും ലീഗ് മുൻ സെക്രട്ടറി കെ.എസ് ഹംസ ആരോപിച്ചു.

ബി.ജെ.പിയും സി.പിഎമ്മുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പുണ്ടാക്കുന്നു. അധികാര മോഹവും കള്ളപ്പണ ഇടപാടും ഹൈദരലി തങ്ങളെ ഇ.ഡി. ചോദ്യം ചെയ്തതും പാർട്ടി യോഗത്തിൽ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക്‌ ബി.ജെപിയുമായി രഹസ്യ ചങ്ങാത്തമാണ്. ഇ.ഡിയെ പേടിച്ച് ബി.ജെ.പിയേയും വിജിലന്‍സിനെ പേടിച്ച് പിണറായിയേയും കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കില്ല. സാദിഖലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ പെടുത്താന്‍ ശ്രമിച്ചു. ആ ഭയവുമായാണ് അദ്ദേഹം മരണപ്പെട്ടത്. എ.ആര്‍. നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. ഇനിവരില്ലെന്നും അത് താന്‍ സെറ്റില്‍ ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും കെ.എസ്. ഹംസ വെളിപ്പെടുത്തി.

കെ.എസ്. ഹംസ പറഞ്ഞത്:

നേതൃത്വത്തെ വിമര്‍ശിച്ചുവെന്നാണ് തനിക്കെതിരയുള്ള ആരോപണം. തന്നെ കൗണ്‍സില്‍ പദവികളിലേക്കോ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കോ പരിഗണിക്കരുതെന്ന് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. ഈ കത്ത് പിന്‍വലിക്കാന്‍ താന്‍ പലരേയും കണ്ടു. തങ്ങള്‍ക്ക് അതിന് താത്പര്യമുണ്ട്, പക്ഷേ കുഞ്ഞാലിക്കുട്ടി സമ്മതിക്കുന്നില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംഘടനയില്‍ ഏത് ഘടകത്തിലും മത്സരിക്കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അതിന് പാകത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

കുഞ്ഞാലിക്കുട്ടി ഏത് പക്ഷത്താണെന്ന് പറയണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ചോറ് യു.ഡി.എഫിലും കൂറ് എല്‍ഡിഎഫിലുമാണെന്നാണ് തന്റെ വിമര്‍ശനം. ഇത് രാഷ്ട്രീയനേതാവിന് ഭൂഷണമല്ലെന്ന് താന്‍ പറഞ്ഞു. ബി.ജെ.പിയുമായി രഹസ്യ ചങ്ങാത്തമാണ്. പേടിയും അഡ്ജസ്റ്റുമെന്റുമാണ്. ഇ.ഡിയെ പേടിച്ച് മോഡിയെ വിമര്‍ശിക്കില്ല, വിജിലന്‍സിനെ പേടിച്ച് വിജയനെ വിമര്‍ശിക്കില്ല. കെ.ടി. ജലീലിനെ തെറിപറഞ്ഞു നടക്കുകയായിരുന്നു. എ.ആര്‍. നഗര്‍ ബാങ്ക് ആരോപണം വന്നതോടെ ഒറ്റ ദിവസം കൊണ്ട് ജലീലിന്റെ കാലുപിടിച്ചു. ഇതോടെ ജലീല്‍ നിശബ്ദനായി. കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടോട്ടെ, അണികളെ കബളിപ്പിക്കരുതല്ലോ.

കുഞ്ഞാലിക്കുട്ടി നാലു കൊല്ലത്തിനിടെ അഞ്ച് തവണ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് രാജിവെച്ച് കേന്ദ്രത്തില്‍ പോയി, തിരിച്ചുവന്നു. അത് ജനാധിപത്യത്തെ കളിയാക്കലാണ്, പൗരന്മാരെ കളിയാക്കലാണ്. ഇതാണ് യു.ഡി.എഫിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. മാര്‍ക്‌സിസ്റ്റുകാരുടെ ഭാഷയാണ് ഹംസയുടേത് എന്നായിരുന്നു ഇതിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് ചോദിച്ചപ്പോള്‍, ചോദ്യം ചെയ്തിട്ടേയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രേഖകള്‍ കാണിച്ചപ്പോള്‍ കുരുമുളക് വള്ളി പറിക്കാനാണ് വന്നതെന്ന് പറഞ്ഞു. താന്‍ വീണ്ടും ഇക്കാര്യം ചോദിച്ചപ്പോള്‍ ഹംസ കഴിഞ്ഞ 25 വര്‍ഷമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 25 വര്‍ഷമായോ എന്നറിയില്ല, ഐസ്‌ക്രീം കേസിന് ശേഷമാണെന്ന് താന്‍ പറഞ്ഞു. ഇനി ഇ.ഡി. വരില്ല, അത് താന്‍ സെറ്റില്‍ ചെയ്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോള്‍ പറയുന്നില്ല, വേണമെങ്കില്‍ നിങ്ങള്‍ പിന്നീട് അറിയും.

പാര്‍ട്ടി കോംപ്രമൈസിന് ശ്രമിച്ചു. ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. താന്‍ തയ്യാറാവാതിരുന്നതോടെ നടപടിയുണ്ടാവുമെന്ന് അറിയിച്ചു. മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് തലേന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അസാധുവാണ്. കോടതിയെ ധിക്കരിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവും.

നോട്ട് നിരോധനത്തിന് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപ വന്നു. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ പിഴയടച്ചു. ഇ.ഡി. ചോദ്യം ചെയ്യുമെന്നായപ്പോള്‍ ഹൈദരലി തങ്ങളുടെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിച്ചു. നിങ്ങളുടെ നിരപരാധിത്യം ബോധ്യമുണ്ടെങ്കിലും സൂക്ഷിക്കണമെന്ന് ഇഡി അദ്ദേഹത്തോട് പറഞ്ഞു. ഈ ഭയവുമായാണ് അദ്ദേഹം മരിക്കുന്നത്.

മൂലധനശക്തികളുടെ കരാളഹസ്തത്തിലാണ് നിലവില്‍ പാര്‍ട്ടി. നിഷ്‌കളങ്കരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി, അധോലാക നായകരുടെ കരാളഹസ്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ് താന്‍. അത് അവസാനിപ്പിക്കില്ല.

കുഞ്ഞാലിക്കുട്ടി സാഹിബ് ഇരിക്കുമ്പോള്‍ പിണറായി വിജയനെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തന്നെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്നത് അവിടെ എത്തുമെന്നാണ് അവര്‍ പറയുന്നത്. ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയെന്ന് ആര്‍.എസ്.എസ്. നേതാക്കള്‍ പറഞ്ഞു. അത് ആരാണെന്ന് ലീഗ് വ്യക്തമാക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വ്യക്തമാക്കാനുണ്ട്. കുഞ്ഞാലിക്കുട്ടിയല്ല അത്. അദ്ദേഹത്തിന്റെ ആവശ്യവുമായി പോയ എം.എല്‍.എയാണ്. ലീഗ് സി.പി.എമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിന് ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയുമായി ബന്ധമുണ്ട്. ലീഗും സി.പി.എമ്മുമായി ചേരണമെന്ന് ഇരുവരും ആഗ്രഹിക്കുന്നതിനേക്കാള്‍ ബി.ജെ.പി. ആഗ്രഹിക്കുന്നുണ്ട്. ഇതിന് ചരടുവലിക്കുന്നത് ബി.ജെ.പി.യാണ്, നാഗ്പുരില്‍ നിന്നാണ്. 

ലീഗ് സി.പി.എമ്മുമായി ചേര്‍ന്നാല്‍ രാജ്യത്ത് ചില രാഷ്ട്രീയ ധ്രുവീകരണം നടക്കും. സി.പി.എമ്മിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടും. സി.പി.എമ്മിന്റെ ഹിന്ദു വോട്ട് ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലേക്കും പോവും. ഇത് ബി.ജെ.പിക്ക് നേട്ടമാവും. ലീഗ് എം.എല്‍.എ. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ഇതുമായി ബന്ധങ്ങളും ചിലമാനങ്ങളുമുണ്ട്. അത് വ്യക്തമാക്കണം. ചര്‍ച്ച നടത്തിയെന്ന പൂര്‍ണ്ണബോധ്യമുണ്ട്. ലീഗ് ഇടതുപക്ഷത്തിന്റെ ആലയില്‍ കൊണ്ടുകെട്ടാനുള്ള ചര്‍ച്ചയാണ് നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയ അതേസമയത്താണ് ഈ ചര്‍ച്ചയും നടന്നത്.

സാദിഖലി തങ്ങള്‍ പലരീതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങുന്നുണ്ട്‌. എന്താണ് സ്വാധീനമെന്ന് പറയാന്‍ പറ്റുന്നില്ല, പലകാര്യങ്ങളും മോശമായതുണ്ട്. സരിതയുടെ ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മിഷന്‍ സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ 116-ാം പേജില്‍ ഒരുവാക്ക് പറഞ്ഞിട്ടുണ്ട്. ബഷീറലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു എന്നാണത്. അതിന് ശേഷം കുറച്ച് കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്, അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ട കുറച്ചുകാര്യങ്ങളുണ്ട്. അത് എല്ലാവര്‍ക്കും പാഠമാണ്. കുഞ്ഞാലിക്കുട്ടിയുടെ മാനിപ്പുലേഷന്‍ പലരീതിയിലാണ്. അങ്ങനെ ആരെയൊക്കെ കുടുക്കാന്‍ സാധിക്കുമോ എന്ന ചിന്തയാണ് അദ്ദേഹത്തിന്, അതിന് യാതൊരു ധാര്‍മ്മിക ചിന്തയും സത്യസന്ധതയും ജനാധിപത്യബോധവുമില്ല.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ എം.കെ. മുനീര്‍ ജയിക്കുമായിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!