ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം സൗദിയിൽ അപകടത്തിൽ പെട്ടു; മൂന്ന് മരണം

ഖത്തറിൽനിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (ഏഴ്), അഹിയാൻ (നാല്), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ത്വാഇഫിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയില്‍ എത്തിയതായിരുന്നു. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമദ്ധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്.

ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും നിസാര പരിക്കേറ്റു. ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലെത്തിയിട്ടുണ്ട്.

 

യാത്രക്കിടെ മയങ്ങിപോയതാണ് അപകട കാരണം. മയക്കത്തിനിടയിൽ കാർ പാലത്തിലേക്ക് കയറാൻ ശ്രമിച്ചതായി ഫൈസൽ ഓർക്കുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനായി കാർ വെട്ടിച്ചതോടെ പലതവണയായി മറിയുകയായിരുന്നു. ഇതാണ് മൂന്ന് പേരുടെ മരണത്തിന് വഴിയൊരുക്കിയത്.

വ്യാഴാഴ്ച രാവിലെയാണ് ഇവർ ഖത്തറിൽ നിന്നും റോഡ് മാർഗ്ഗം മക്കയിലേക്ക് പുറപ്പെടുന്നത്. ഏകദേശം 1500 കിലോമീറ്ററാണ് ദോഹയിൽ നിന്നും മക്കയിലേക്കുള്ള ദൂരം. വിശ്രമമില്ലാതെ 16 മണിക്കൂർ വാഹനമോടിച്ചാലാണ് ഇത്രെയും ദൂരം പിന്നിടാനാവുക. ജിസിസി വിസയുള്ളവർക്ക് സൌദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതോടെ ധാരാളം പേരാണ് ഇത് പോലെ ഉംറക്കായി മക്കയിലേക്ക് വരുന്നത്. ഇങ്ങിനെ വരുന്നവരിൽ മിക്കവരും സമയ നഷ്ടം ഒഴിവാക്കാൻ വിശ്രമം വേണ്ടെന്ന് വെക്കും. വിശ്രമമില്ലാത്ത ഇത്തരം യാത്രകളാണ് പലപ്പോഴും ദാരുണമായ അപകടങ്ങൾക്ക് കാരണമാകുന്നത്.

സാധാരണയായി പെട്രോൾ പമ്പുകളിൽ വാഹനം നിറുത്തി വിശ്രമിച്ച ശേഷമാണ് ദീർഘദൂര യാത്രക്കാർ വാഹനമോടിക്കാറ്. ഇപ്പോൾ വിശ്രമത്തിനായി പെട്രോൾ പമ്പുകളിൽ വൻ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വിശ്രമമില്ലാത്ത യാത്രമൂലം ഉറക്കം വരുന്നത് സ്വാഭാവികമാണ്. ആവശ്യത്തിന് വിശ്രമമില്ലാതെ ഈ രീതിയിൽ യാത്ര ചെയ്യരുതെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!